അയ്യോ പേടിയാകുന്നേ… ആനപ്പുറത്തിരുന്ന് അലറിക്കരഞ്ഞ് വധു

എല്ലാവരില്‍ നിന്നും വ്യത്യസ്തമായി വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നവരാണ് ഏറെയും. ഫോട്ടോഷൂട്ടുകള്‍ വൈറലാകാന്‍ എന്തും ചെയ്യാനും യുവതലമുറ റെഡിയാണ്. അത്തരം അതിരുകടക്കുന്ന സംഭവങ്ങള്‍ പലപ്പോഴും അപകടവും ക്ഷണിച്ചുവരുത്താറുണ്ട്.

എന്തായാലും ഇവിടെയൊരു രസകരമായ വീഡിയോ ആണ് വൈറലായിരിക്കുന്നത്.
ആനപ്പുറത്ത് കയറുന്ന ഒരു വധുവിന്റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. ഇവിടെ ഈ പെണ്‍കുട്ടി ആനയുടെ പുറത്ത് കയറാന്‍ ശ്രമിക്കുന്നത് ആദ്യം കണ്ടാല്‍ പേടിയില്ലെന്ന് തോന്നും. എന്നാല്‍ കയറി ഇരുന്നപ്പോഴുള്ള പെണ്‍കുട്ടിയുടെ പേടി കണ്ട് കൂടെയുള്ളവര്‍ വരെ ചിരിച്ചുപോയി. പ്രീ വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടോ പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ടോ ആണ് സന്ദര്‍ഭം. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ വൈറലായിരിക്കുന്നത്.

പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ആനപ്പുറത്തേയ്ക്ക് കയറ്റുന്നത് പോലെയാണ് തോന്നുന്നത്. പെണ്‍കുട്ടിയെ ആനപ്പുറത്ത് കയറ്റാന്‍ ശ്രമിക്കുന്നവരുടെ കൂട്ടത്തില്‍ വരനും ഉണ്ട്. കഷ്ടപ്പെട്ട് ആനപ്പുറത്ത് കയറിയ പെണ്‍കുട്ടി മുകളില്‍ കയറിയതോടെ കരച്ചില്‍ ആരംഭിച്ചു. തനിക്ക് പേടിയാണെന്ന് കുട്ടി പറയുന്നതും വീഡിയോയിലുണ്ട്.

‘സൂര്യപുത്രന്‍ കര്‍ണന്‍’ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ എത്തിയത്. 8,553 പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്. വീഡിയോ വൈറലായതോടെ കമന്റുകളുമായി ആളുകളും രംഗത്തെത്തി. പേടിയുള്ളവര്‍ എന്തിനാണ് ഈ പണിക്ക് പോയതെന്നും താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് ആനപ്പുറത്ത് കയറ്റുന്നത് ശരിയല്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

Exit mobile version