എരുമേലി: കോട്ടയം എരുമേലിയിൽ സ്വകാര്യ ബസ് ജീവനക്കാരനെ നടുറോഡിലിട്ട് മർദ്ദിച്ച സംഭവത്തിൽ പോക്‌സ് കേസ് രജിസ്റ്റർ ചെയ്തു. മർദനമേറ്റ ബസ് ജീവനക്കാരനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തത്. തങ്ങളുടെ വീട്ടിലെ പെൺകുട്ടിയെ കയറിപ്പിടിച്ചതിന്റെ രോഷത്തിലാണ് യുവാവ് നടുറോഡിലിട്ട് ബസ് ജീവനക്കാരനായ അച്ചുവിനെ മർദ്ദിച്ചതെന്നാണ് നിഗമനം.
അതേസമയം ബസ് ജീവനക്കാരനെ മർദിച്ച യുവാവിനെ ഇനിയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച വൈകിട്ടാണ് എരുമേലി ടൗണിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അച്ചുവിനെ മർദിച്ച കബീർ എന്ന യുവാവിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു.
ഇതിനു പിന്നാലെയാണ് സംഭവത്തിലെ നിജസ്ഥിതി വെളിപ്പെട്ടത്. കബീറിന്റെ ബന്ധുവായ യുവതി ബസ് ജീവനക്കാരനായ അച്ചുവിനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു. ബസിൽ കയറുന്നതിനിടെ അച്ചു തന്നോട് മോശമായി പെരുമാറി എന്ന് പെൺകുട്ടി മൊഴി നൽകി. ഇതോടെയാണ് അച്ചുവിനെതിരെയു പോലീസ് പോക്‌സോ വകുപ്പനുസരിച്ചുളള കേസ് എടുത്തത്.
ബന്ധുവായ യുവതിയോട് അച്ചു മോശമായി പെരുമാറിയതിന്റെ പ്രകോപനത്തിലാണ് അച്ചുവിനെ കബീർ മർദിച്ചതെന്ന് പോലീസ് നിഗമനം. അച്ചു അറസ്റ്റിലായെങ്കിലും അച്ചുവിനെ ആക്രമിച്ച കബീർ ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി അന്വേഷണം തുടരുകയാണെന്ന് എരുമേലി പൊലീസ് അറിയിച്ചു.
അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ ബസ് ജീവനക്കാരന്‍ അച്ചുവും പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ ബന്ധു തന്നെ പൊതു ഇടത്തില്‍ ആളുകള്‍ക്കുമുന്നിലിട്ട് പരസ്യമായി തല്ലുകയും ബിയര്‍കുപ്പി ഉപയോഗിച്ച് തലയ്ക്ക് അടിച്ചെന്നും ആരോപിച്ചാണ് ബസ് ജീവനക്കാരനായ അച്ചു പരാതി നല്‍കിയിരിക്കുന്നത്.