രണ്ടു തവണ വലയെറിഞ്ഞ് മീൻ കിട്ടിയതോടെ മൂന്നാം തവണയും കായലിൽ ഇറങ്ങി; വഞ്ചി മറിഞ്ഞ് കാണാതായ ഷിബു തിരിച്ചെത്തിയത് 36ാം മണിക്കൂറിൽ ജീവനറ്റ്;നോവായി അപകടം

കാസർകോട്: തോണിയിൽ മത്സ്യബന്ധനത്തിന് പോയ യുവാവ് അപകടത്തിൽപെട്ട് മരണമടഞ്ഞു. വഞ്ചി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം 36 മണിക്കൂറുകൾക്കുശേഷം കണ്ടെത്തി. മാവിലാടം പന്ത്രണ്ടിൽ സ്വദേശി എം വി ഷിബുവിന്റെ (30) മൃതദേഹമാണ് പന്ത്രണ്ടിൽ പവിഴം വലക്കാരുടെ ബോട്ടിന് സമീപത്ത് വെള്ളത്തിൽ പൊങ്ങിയ നിലയിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്.

പടന്ന കടപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് ഷിബുവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം വൈകിട്ട് വീട്ടിൽ എത്തിച്ചു സംസ്‌കാരം നടത്തി.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ഷിബുവും സുഹൃത്ത് നസീറും വഞ്ചിയിൽ കവ്വായി കായലിൽ മീൻ പിടിക്കാനായി പോയത്. രണ്ടുതവണ വലയെറിഞ്ഞു കിട്ടിയ മീൻ കരയിൽ എത്തിച്ചു വെച്ച ശേഷമാണ് മൂന്നാമതും വലയെറിയാൻ പോയത്.

എന്നാൽ, പന്ത്രണ്ടിൽ ബോട്ട് ജെട്ടിക്ക് സമീപം വലയെറിഞ്ഞു കൊണ്ടിരിക്കെ പെട്ടെന്ന് വഞ്ചി ചെരിയുകയും പിന്നീട് മറിയുകയുമായിരുന്നു. വഞ്ചി ഉലയുന്നതിനിടെ കാൽതെന്നിയാണ് ഷിബു കായലിൽ വീണത്. വഞ്ചി വെള്ളംകയറി മുങ്ങിയതോടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നസീർ നീന്തി രക്ഷപ്പെട്ടു. കായലിൽ വീണ ഷിബു രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായി നസീർ പറയുന്നു.

ALSO READ- സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ എന്തിനാണ് ഇത്ര ബഹളം? വീപ്പയ്ക്ക് മുകളിൽ കയറി നിന്ന് ദേശീയ പതാക ഉർത്തുന്ന വയോധിക;താങ്ങായി ഭർത്താവ്; അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായതായി കരുതുന്നത്. നീന്തി കരക്ക് എത്തിയ നസീറാണ് നാട്ടുകാരെയും വീട്ടുകാരെയും സംഭവം അറിയിക്കുന്നത്. രാത്രി തന്നെ മത്സ്യത്തൊഴിലാളികളും നാട്ടുകാരും രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും ഷിബുവിനെ കണ്ടെത്താനായില്ല.

ഞായറാഴ്ച രാവിലെ മുതൽ മുങ്ങൽ വിദഗ്ധരും കോസ്റ്റ് ഗാർഡുകളും അഗ്‌നിരക്ഷാ യൂണിറ്റുകളും പോലീസും നാട്ടുകാരും ചേർന്ന് വിവിധ ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച വീണ്ടും തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

അവിവാഹിതനായ ഷിബു നാട്ടുകാർക്ക് ഏറെ പ്രിയങ്കരനായിരുന്നു. എം വി തമ്പായി ആണ് മാതാവ്. വിപിൻ സഹോദരനാണ്.

Exit mobile version