16പേരെ കുത്തിക്കയറ്റി ഓട്ടോറിക്ഷ ചീറിപ്പാഞ്ഞു; പിടികൂടി എംവിഡി; 4000 രൂപ പിഴ; ലൈസൻസും തെറിക്കും; സംഭവം മലപ്പുറത്ത്

മലപ്പുറം: കുട്ടികളെ കുത്തി നിറച്ച് പോയ ഓട്ടോറിക്ഷയെ കൈയ്യോടെ പിടികൂടി ഡ്രൈവർക്ക് വൻതുക പിഴ ചുമത്തി എംവിഡി. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് ഇടയിലാണ് കുട്ടികളെ അമിതമായി കയറ്റിയ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്.

കൈകാണിച്ച് വാഹനം നിർത്തിച്ച് പരിശോധിച്ചപ്പോൾ ഡ്രൈവർ ഉൾപ്പെടെ ഓട്ടോറിക്ഷയിൽ ഉണ്ടായത് 16 പേരെന്ന് തിരിച്ചറിഞ്ഞപ്പോൾ എംവിഡി സംഘത്തിനും അമ്പരപ്പായി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് എംവിഡി.

മലപ്പുറം വേങ്ങര കുറ്റൂർ നോർത്തിലാണ് കുട്ടികളെ കുത്തിനിറച്ച് പോയ ഓട്ടോറിക്ഷ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനിടെയാണ് സംഭവം. 15 സ്‌കൂൾ കുട്ടികളാണ് ഓട്ടോയിലുണ്ടായത്. ഓട്ടോറിക്ഷയുടെ രേഖകൾ പരിശോധിച്ചപ്പോൾ നികുതി അടച്ചിട്ടില്ലെന്നും വ്യക്തമായി.

ALSO READ- 36 വർഷം മുമ്പ് കുളത്തിൽ വീണ് സഹോദരൻ മരണപ്പെട്ടു; ഇപ്പോഴും അലക്കി മടക്കിവെച്ച സഹോദരന്റെ കുഞ്ഞുടുപ്പ് ഉമ്മയുടെ അലമാരയിലുണ്ട്; നോവായി കുറിപ്പ്

ഇതോടെയാണ് പ്രാഥമികമായി 4000 രൂപ പിഴ ചുമത്തിയത് സുരക്ഷിതമല്ലാതെ വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് നീക്കം. ഇക്കാര്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകി. ഡ്രൈവിങ് ടെസ്റ്റ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ച് കുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ സ്വീകരിക്കുകയും ചെയ്തു. ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മറ്റ് വാഹനങ്ങളിലാണ് സ്‌കൂളിലേക്ക് എത്തിച്ചത്.

Exit mobile version