ഹര്‍ത്താല്‍ കാരണം കോഴിക്കച്ചവടക്കാര്‍ക്ക് നഷ്ടം 350 കോടി; വ്യാപാരികള്‍ക്ക് പിന്നാലെ ഹര്‍ത്താല്‍ ബഹിഷ്‌കരണവുമായി പൗള്‍ട്രിഫെഡറേഷനും

ഹര്‍ത്താല്‍ ദിനത്തില്‍ ഫാമില്‍നിന്ന് കോഴികളെ കടകളിലെത്തിച്ച് വില്‍പന നടത്താന്‍ കഴിയാതെ വരുന്നത് മൂലമാണ് നഷ്ടം സംഭവിക്കുന്നത്

തിരുവനന്തപുരം: വ്യാപാരികള്‍ക്ക് പിന്നാലെ ഹര്‍ത്താല്‍ ബഹിഷ്‌കരണവുമായി പൗള്‍ട്രിഫെഡറേഷനും രംഗത്തെത്തി. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് സംസ്ഥാനത്ത് അടിക്കടിയുണ്ടായ ഹര്‍ത്താലുകള്‍ കാരണം ഈ വര്‍ഷം പൗള്‍ട്രിമേഖലയ്ക്കുണ്ടായത് 350 കോടി രൂപയുടെ നഷ്ടമാണ്. ഈ സാഹചര്യത്തില്‍ ഇനി ഹര്‍ത്താലുകളോട് സഹകരിക്കേണ്ടതില്ലെന്ന് ഓള്‍ കേരള പൗള്‍ട്രിഫെഡറേഷന്‍ തീരുമാനിച്ചു. വ്യാപാരി കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ഹര്‍ത്താല്‍ ബഹിഷ്‌കരണ തീരുമാനത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും ഫെഡറേഷന്‍ നേതാക്കള്‍ അറിയിച്ചു.

സംസ്ഥാനത്ത് എട്ടുലക്ഷത്തിലധികം പേര്‍ പ്രത്യക്ഷമായും പരോക്ഷമായും തൊഴിലെടുക്കുന്ന മേഖലയാണിത്. 20,000 കോടി വാര്‍ഷിക വിറ്റുവരവുള്ള പൗള്‍ട്രി മേഖലയ്ക്ക് കഴിഞ്ഞ ഓരോ ഹര്‍ത്താല്‍ ദിനത്തിലും 12 മുതല്‍ 15 കോടി രൂപയോളം നഷ്ടമാണ് ഉണ്ടായത്. ഹര്‍ത്താല്‍ ദിനത്തില്‍ ഫാമില്‍നിന്ന് കോഴികളെ കടകളിലെത്തിച്ച് വില്‍പന നടത്താന്‍ കഴിയാതെ വരുന്നത് മൂലമാണ് നഷ്ടം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ പൗള്‍ട്രി മേഖലയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം.

Exit mobile version