നാല് ദിവസം അതിശക്തമായ മഴ; ടൂറിസം കേന്ദ്രങ്ങൾ അടച്ചു; വിവിധ പ്രദേശങ്ങളിൽ സ്‌കൂളുകൾക്ക് അവധി; കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ പ്രവചനത്തെ തുടർന്ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യ, തെക്കൻ കേരളത്തിലായിരിക്കും കൂടുതൽ മഴ കിട്ടുക. പിന്നീട് വടക്കും മഴ കനക്കും. വയനാട്, കാസർകോട് ഒഴികെയുള്ള മുഴുവൻ ജില്ലകളിലും മഴ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. വയനാട്, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് നാലാം തീയതിയോടെ മഴയുടെ ശക്തി കുറഞ്ഞേക്കും. ഇന്നലെ രാത്രി മുതൽ തെക്കൻ കേരളത്തിൽ ഉൾപ്പടെ കനത്ത മഴയാണ് ലഭിക്കുന്നത്.

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നെടുമങ്ങാട് താലൂക്കിലെ അങ്കണവാടികൾ, സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകൾക്കു ജില്ലാ കളക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പുനലൂർ താലൂക്കിലെ അഞ്ചൽ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രോളിംഗ് നിരോധനം ജൂലൈ 31ന് അവസാനിക്കുമെങ്കിലും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശിച്ചിട്ടുണ്ട്. അറബിക്കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ ഉയർന്നുപൊങ്ങാനും സാധ്യതയുണ്ട്. ഒരാഴ്ചത്തേക്കാണ് മുന്നറിയിപ്പ്. അതേസമയം, പട്ടിണി കാലം മാറിയെന്ന് ആശ്വസിച്ചിരുന്ന തീരദേശ ജനതയ്ക്ക് നിരാശയാവുകയാണ് മഴ മുന്നറിയിപ്പ്.

മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അപകടസാധ്യതാ മേഖലകളിൽ താമസിക്കുന്നവരെ മാറ്റിപാർപ്പിക്കണം. ഡാമുകളിൽ ജലനിരപ്പ് ഉയരുന്നതിനാൽ നദിക്കരകളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണം. ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുത്. കടലിൽ ഇറങ്ങരുത്.രാത്രി യാത്രകളും വിനോദ സഞ്ചാര യാത്രകളും പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും നിർദേശമുണ്ട്.


നെയ്യാർ, അരുവിക്കര ഡാമുകൾ തുറന്നു. നെയ്യാറിന്റെ നാലുഷട്ടറുകൾ അഞ്ചുസെന്റീമിറ്ററും അരുവിക്കരയുടെ മൂന്നുഷട്ടറുകൾ 20 സെന്റീമീറ്ററും ഉയർത്തി. കുംഭാവുരുട്ടി, പാലരുവി, കല്ലാർ, അടവി, മങ്കയം, പൊൻമുടി, നെയ്യാർ, കോട്ടൂർ, തുടങ്ങിയ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജനങ്ങളെ പ്രവേശിപ്പിക്കില്ലെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രിയും അറിയിച്ചു.
ALSO READ- കോട്ടയത്ത് ഉരുള്‍പൊട്ടി: വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു; ജാഗ്രതാ നിര്‍ദേശം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടവും താത്കാലികമായി അടച്ചു. പത്തനംതിട്ട സീതത്തോട് കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക്പോസ്റ്റ് വഴിയുള്ള ഗവി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി.

Exit mobile version