കോടികൾ ലോട്ടറിയടിച്ചാൽ ഇനി ധൂർത്തടിക്കാൻ സർക്കാർ സമ്മതിക്കില്ല; വിജയികൾക്ക് ക്ലാസ് ഏർപ്പെടുത്താൻ സർക്കാർ

കോട്ടയം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ലോട്ടറിയടിച്ച് കിട്ടുന്ന തുക ധൂർത്തടിക്കുന്നത് തടയാനായി സർക്കാർ മേൽനോട്ടത്തിൽ ബോധവത്കരണം ഏർപ്പെടുത്തുന്നു. സമ്മാനത്തുക ഇനി തോന്നിയതുപോലെ ചെലവാക്കാൻ സർക്കാർ അനുവദിക്കില്ല. കിട്ടിയ പണം എങ്ങനെ കെകാര്യം ചെയ്യാമെന്ന് വിജയികളെ ലോട്ടറിവകുപ്പ് പഠിപ്പിക്കും. ഇതിനായി ലോട്ടറി വകുപ്പ് നടത്തുന്ന ക്ലാസിൽ പങ്കെടുക്കണം. ഇത്തവണത്തെ ഓണം ബംപർ വിജയികൾക്ക് ആദ്യ ക്ലാസ് നൽകാനാകുമെന്നാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്.

അതേസമയം. സമ്മാനത്തുക ധൂർത്തടിക്കാതെ എങ്ങനെ ഫലപ്രദമായി നിക്ഷേപിക്കാമെന്നാണ് വിദഗ്ധർ പഠിപ്പിക്കുക. എല്ലാ ലോട്ടറി വിജയികളെയും ‘ധന മാനേജ്മെന്റ്’ പഠിപ്പിക്കാനാണ് ലോട്ടറിവകുപ്പിന്റെ തീരുമാനം. വിവിധ നിക്ഷേപ പദ്ധതികൾ, നികുതി ഘടന തുടങ്ങിയവയെല്ലാം ക്ലാസിലെ സിലബസിലുണ്ടാകും.

പാഠ്യപദ്ധതി ഒരു മാസത്തിനുള്ളിൽ തയ്യാറാക്കും. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിലായിരിക്കും ക്ലാസ്. ഒരുദിവസത്തെ ബോധവത്കരണ ക്ലാസാണ് ലക്ഷ്യം. ബുക്ക് ലെറ്റുകളും വിതരണംചെയ്യും.

ലോട്ടറിയടിക്കുന്ന ഭൂരിപക്ഷം വരുന്ന സാധാരണക്കാർക്കും പണം എങ്ങനെ നിക്ഷേപിക്കാം എന്ന് അറിയാത്തവരായതിനാൽ തന്നെ വൻതുക സമ്മാനം കിട്ടിയിട്ടും അനാവശ്യമായി ചെലവഴിച്ച് സാമ്പത്തിക പ്രതിസന്ധിയിലാവാറുണ്ട്.

ALSO READ- കാട്ടിൽ വിറക് ശേഖരിക്കുന്നതിനിടെ തടഞ്ഞത് അപൂർവ വജ്രക്കല്ല്; വിലകേട്ട് ഞെട്ടി വീട്ടമ്മ

അതുകൊണ്ടുതന്നെ എങ്ങനെ സുരക്ഷിതമായി പണം നിക്ഷേപിക്കാമെന്ന് ധാരണ നൽകാനാണ് സർക്കാർ നീക്കം. ഇക്കാര്യത്തിൽ മാർഗനിർദേശം നൽകുകയാണ് ലക്ഷ്യമെന്ന് ലോട്ടറി ഡയറക്ടർ എബ്രഹാം റെൻ പറഞ്ഞു.

Exit mobile version