സമീപത്ത് തുപ്പിയത് ചോദ്യം ചെയ്തതിന് ആക്രിക്കാരന്റെ ചവിട്ട് നാഭിക്ക്; കരൾ ശസ്ത്രക്രിയ കഴിഞ്ഞ ഗൃഹനാഥന് ദാരുണാന്ത്യം; പ്രതി ഒരു കൈ മാത്രമുള്ള ആളെന്ന് തിരിച്ചറിഞ്ഞു

തിരുവനന്തപുരം: നിൽക്കുന്നതിന് സമീപത്തായി തുപ്പിയത് ചോദ്യം ചെയ്തതിന് നാഭിക്ക് ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിലെ പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചു. സിസിടിവിയിൽ നിന്നും പ്രതിയുടെ ചിത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. കൊല്ലം സ്വദേശിയായ ആക്രിക്കച്ചവടക്കാരനാണ് പ്രതിയെന്നാണ് വിവരം. ഇയാൾ ഒരു കൈ മാത്രമുള്ള വ്യക്തിയാണ്.

കഴിഞ്ഞദിവസം നെട്ടയകോണം സ്വദേശി ഭുവനചന്ദ്രൻ (65) ആണ് നാഭിക്ക് ചവിട്ടേറ്റ് മരിച്ചത്. കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഭുവനചന്ദ്രൻ ഒരു വീട്ടിൽ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയിൽ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരൻ സമീപത്തുകൂടി കടന്നുപോയത്.

ഭുവനചന്ദ്രൻ നിൽക്കുന്നതിന് സമീപത്തായി ആക്രിക്കാരൻ തുപ്പിയത് ചോദ്യംചെയ്തതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്ന്് ദൃക്‌സാക്ഷി പറഞ്ഞു. തുപ്പിയത് ചോദ്യംചെയ്തതിനാണ് ഭുവനചന്ദ്രനെ ആക്രിക്കാരൻ ചവിട്ടിയതെന്ന് ദൃക്‌സാക്ഷിയായ കരിക്കുവിൽപ്പനക്കാരൻ ശ്രീകുമാർ പറയുന്നു. താനും ഭുവനചന്ദ്രനും സംസാരിച്ചു നിൽക്കുന്നതിനിടെയാണ് ആക്രിക്കച്ചവടക്കാരൻ നടന്നുവരുകയും അടുത്തുനിന്ന് തുപ്പുകയും ചെയ്തത്.

ALSO READ- മഹിള മോർച്ച നേതാവിനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; അന്വേഷണം

തർക്കത്തിനിടെ ആക്രിക്കാരൻ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്.

ആക്രി കച്ചവടക്കാരന്റെ ചവിട്ടേറ്റ് കുഴഞ്ഞുവീണ ഭുവനചന്ദ്രനെ കസേരയിൽ ഇരുത്തി വെള്ളം കൊടുത്തിരുന്നു. തുടർന്ന് സമീപത്തെ വീട്ടിൽ ജോലിചെയ്തിരുന്ന അദ്ദേഹത്തിന്റെ ഭാര്യ വരികയും കുറച്ചു മാറി പോലീസ് ജീപ്പ് ഉണ്ടായിരുന്നു. അവിടെച്ചെന്ന് കാര്യം പറയുകയും ചെയ്തു. ശേഷമാണ് ഭാര്യ ഭുവനചന്ദ്രനെയും കൊണ്ട് ആശുപത്രിയിലേക്കു പോയത്. പിന്നീട് മരിച്ചെന്ന വിവരമെത്തുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

Exit mobile version