ബസ് അപകടത്തിൽ മരിച്ച നഴ്സിന്റെ സുഹൃത്തെന്ന് പറഞ്ഞ് വീട്ടിലെത്തി; കുഞ്ഞിന്റെ സ്വർണാഭരണം കവർന്ന് 22കാരി; പിടിയിൽ

ശ്രീകണ്ഠപുരം: കണ്ണൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നഴ്സിന്റെ സുഹൃത്ത് എന്നുപറഞ്ഞ് മരണവീട്ടിലെത്തിയ യുവതി കുഞ്ഞിന്റെ സ്വർണാഭരണം കവർന്നതായി പരാതി. യുവതിയെ പിന്നീട് പോലീസ് പിടിച്ചെങ്കിലും നഴ്‌സിന്റെ ബന്ധുക്കൾ പരാതിയില്ലെന്ന് പറഞ്ഞതിനാൽ താക്കീത് ചെയ്ത് വിട്ടയച്ചു.

തളിപ്പറമ്പ് കുറ്റിക്കോലിൽ കഴിഞ്ഞ 29-ന് വൈകീട്ട് സ്വകാര്യ ബസ് മറിഞ്ഞ് മരിച്ച കണ്ണൂർ മിംസ് ആസ്പത്രിയിലെ നഴ്‌സും നെല്ലിക്കുറ്റി ഏറ്റുപാറയിലെ ചക്കാങ്കൽ നിധിന്റെ ഭാര്യയുമായ ജോബിയ ജോസഫിന്റെ വീട്ടിലാണ് മോഷണമുണ്ടായത്. മരിച്ചദിവസം വീട്ടിലെത്തിയ യുവതി ഏറെ സമയം ജോബിയയുടെ രണ്ടുവയസ്സുള്ള മകൻ എയ്ബലിനെ എടുത്തു നടന്നിരുന്നു. പിന്നീട് കുഞ്ഞിനെ ബന്ധുവായ സ്ത്രീ ഏറ്റുവാങ്ങി. ഈ സമയം കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മാല കൊളുത്തഴിഞ്ഞനിലയിൽ വസ്ത്രത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു.

ഇക്കാര്യത്തിൽ ആർക്കും സംശയം തോന്നിയിരുന്നില്ല. പിന്നീട് മൃതദേഹം അടക്കം ചെയ്ത പിറ്റേദിവസവും യുവതി വീട്ടിലെത്തി. അന്നും കുഞ്ഞിനെ ഏറെസമയം എടുത്തുനടക്കുകയും വൈകീട്ട് തിരിച്ചുപോവുകയും ചെയ്തു. പിന്നീടാണ് കുഞ്ഞിന്റെ ഒന്നരപ്പവന്റെ അരഞ്ഞാണം കാണാനില്ലെന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. കഴിഞ്ഞദിവസം യുവതി വന്നപ്പോൾ കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മാല കൊളുത്ത് ഊരിയനിലയിൽ വസ്ത്രത്തിൽ കുടുങ്ങിക്കിടന്ന കാര്യം ബന്ധുവായ സ്ത്രീ വെളിപ്പെടുത്തിയതോടെ സംശയം തോന്നിയാണ് വീട്ടുകാർ കുടിയാൻമല പോലീസിൽ പരാതി നൽകിയത്. ഇതോടെ നടത്തിയ അന്വേഷണത്തിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കരുവഞ്ചാൽ സ്വദേശിയായ 22-കാരി പിടിയിലായത്.

ALSO READ-ഒരു മാസത്തെ കാത്തിരിപ്പിന് ഒടുവിൽ കാണാതായ ‘മാംഗോ’ തിരിച്ചെത്തി; കണ്ടെത്തിയ ആൾക്ക് കൈയ്യോടെ ഒരു ലക്ഷം രൂപ സമ്മാനിച്ച് ഡോ. ആനന്ദ് ഗോപിനാഥ്

പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. എന്നാൽ ജോബിയ നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലായിരുന്ന വീട്ടുകാർ മോഷണം നടത്തിയ യുവതിക്ക് മാപ്പ് നൽകുകയായിരുന്നു. യുവതി ഈ ആഭരണം തളിപ്പറമ്പിലെ ഒരു ജൂവലറിയിലായിരുന്നു വിറ്റത്. അവർ ഇത് ഉരുക്കി മറ്റ് അഭരണങ്ങൾ പണിഞ്ഞതിനാൽ പകരം മറ്റൊരു ആഭരണം നൽകുകയായിരുന്നു. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ താക്കീത് ചെയ്ത് വിട്ടയച്ചു.

Exit mobile version