മഴയിൽ ഇന്നോവ കാറിന്റെ ടയർ തെന്നി, മറ്റൊരു കാറിലേക്ക് ഇടിച്ചുകയറി; ദമ്പതിമാർക്ക് ദാരുണമരണം; മൂന്നുവയസുകാരി മകൾ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ

കൊല്ലം: കൊട്ടാരക്കര കുളക്കടയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതിമാർ മരിച്ചു. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ ബിനീഷ് കൃഷ്ണൻ, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്നൂ വയസുള്ള മകൾ ശ്രീക്കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു അപകടം. ബിനീഷിന്റെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങി വരുന്ന സമയത്തായിരുന്നു അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് മടങ്ങി വരുന്ന വഴി കൊട്ടാരക്കരയിൽ നിന്നും അടൂർ ഭാഗത്തേക്ക് പോകുന്ന ഇന്നോവ ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിച്ചു കയറുകയായിരുന്നു.

ശക്തമായ മഴ ഉണ്ടായിരുന്നതും മഴയിൽ ഇന്നോവയുടെ ടയറുകൾ തെന്നിമാറി നിയന്ത്രണം വിട്ട് ഇടിച്ചതുമാണ് അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ ബിനീഷും കുടുംബവും യാത്ര ചെയ്തിരുന്ന കാർ പൂർണമായും തകർന്നു.

പിന്നീട് നാട്ടുകാരുടെ സഹായത്തോടെ വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുക്കുമ്പോഴേക്കും ബിനീഷും അഞ്ജുവും മരിച്ചിരുന്നു. മൂന്ന് വയസുകാരിയായ മകൾ ഗുരുതരാവസ്ഥയിലാണ്.

ALSO READ- സ്ത്രീധനമായി 35 പവൻ സ്വർണവും കാറും നൽകി; ഗർഭിണിയായിരിക്കെ വായിൽ തുണി തിരുകി മർദ്ദിച്ച് ജ്യോതിഷ്; അണുബാധയേറ്റ് ഗർഭിണി മരിച്ച സംഭവത്തിൽ കൂടുതൽ ആരോപണം

ഇന്നോവ ഓടിച്ചിരുന്ന ആളെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തും.

Exit mobile version