ലോഡ്ജിൽ റൂമെടുത്തത് യുവതിക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്ന് പറഞ്ഞ്; എംഡിഎംഎ ഉപയോഗിച്ച് ആശുപത്രിയിൽ കഴിയുന്നത് കോഴിക്കോട് സ്വദേശിനി; കേസെടുത്തു

കൊച്ചി: മയക്കുമരുന്ന് ഉപയോഗിച്ച് അവശനിലയിൽ കണ്ടെത്തിയ കോഴിക്കോട് സ്വദേശിനിയുടെ മൊഴി രേഖപ്പെടുത്തി. ഇവരെ ആൺസുഹൃത്തുക്കളാണ് ലോഡ്ജിൽ എത്തിച്ചതെന്നും ലോഡ്ജ് ജീവനക്കാർ പറയുന്നു. ലോഡ്ജിൽ വന്നപ്പോൾ യുവതി അവശനിലയിലായിരുന്നു. മറ്റുള്ളവർ താങ്ങിപിടിച്ചാണ് കൊണ്ടുവന്നതെന്നും ഭക്ഷ്യവിഷ ബാധയേറ്റതിനെ തുടർന്ന് ചികിത്സ തേടിയിരുന്നെന്നുമാണ് ഇവർ പറഞ്ഞതെന്നും ലോഡ്ജ് ജീവനക്കാരൻ പറഞ്ഞു.

28-ാം തീയതി വൈകിട്ട് ആറരയോടെയാണ് ഇവർ മുറിയെടുക്കാൻ വന്നത്. രണ്ട് പെൺകുട്ടികളും രണ്ട് യുവാക്കളും ഉണ്ടായിരുന്നു. പെൺകുട്ടികൾ കോഴിക്കോട് സ്വദേശികളാണെന്നും ജോലി ആവശ്യത്തിനുള്ള മെഡിക്കൽ പരിശോധനയ്ക്ക് കൊച്ചിയിൽ വന്നതാണെന്നും ബന്ധുക്കളാണെന്ന് പറഞ്ഞ യുവാക്കൾ ഇവരോട് പറഞ്ഞു.

ഒരു പെൺകുട്ടിക്ക് ട്രെയിനിൽവെച്ച് ബിരിയാണി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷ ബാധയേറ്റെന്നും ആശുപത്രിയിൽനിന്ന് ഡിസ്ചാർജായി വരികയാണെന്നും 29-ന് രാവിലെ ചെക്ക് ഔട്ടാകുമെന്നുമാണ് പറഞ്ഞത്. പെൺകുട്ടികൾക്കാണ് മുറിയെന്നും മുറിയിലേക്ക് തങ്ങൾ വരില്ലെന്നും യുവാക്കൾ പറഞ്ഞിരുന്നു. ലോഡ്ജിൽ വരുമ്പോൾ ആ പെൺകുട്ടിക്ക് ബോധമുണ്ടായിരുന്നു. പിന്നീട് നേരത്തെ വന്ന യുവാവാണ് ഈ പെൺകുട്ടിയെ മുറിയിൽനിന്ന് എടുത്തുകൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ഇവരെ വിളിച്ചുവരുത്തുകയായിരുന്നു.

ALSO READ- പ്രണയത്തിനൊടുവിൽ വിവാഹ നിശ്ചയം; സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തര മാനസിക പീഡനം; യുവതി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിശ്രുത വരൻ അറസ്റ്റിൽ

ശേഷം 29-ാം തീയതി പോലീസ് വന്നപ്പോളാണ് സംഭവം എന്താണെന്ന് തങ്ങൾ അറിഞ്ഞത്. പോലീസ് വിവരങ്ങളെല്ലാം ശേഖരിച്ച് മടങ്ങിയെന്നും ലോഡ്ജ് ജീവനക്കാരൻ വിശദീകരിച്ചു.

കാഴിക്കോട് സ്വദേശിനികളായ രണ്ട് യുവതികൾ രണ്ടുദിവസം മുമ്പാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിൽ മുറിയെടുത്തത്. ഇതിലൊരു യുവതിയെ പിന്നീട് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന യുവതി എംഡിഎംഎ മയക്കുമരുന്ന് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തു.

അതേസമയം, യുവതി ആരോഗ്യനില പൂർണമായി വീണ്ടെടുക്കാത്തതിനാൽ വിശദമായ മൊഴിയെടുക്കാനായിട്ടില്ല. ലോഡ്ജിൽ വന്ന യുവാക്കൾ പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയുടെ സുഹൃത്തുക്കളായിരുന്നു. അവർ കാസർകോട് സ്വദേശികളാണ്.

Exit mobile version