സ്‌പൈഡര്‍മാന്‍ സ്റ്റൈലില്‍ മോഷണം; പൈപ്പിലൂടെ നാലാംനിലയിലെത്തി കവര്‍ന്നത് 2 ലക്ഷത്തിലധികം രൂപ

കൊട്ടിയം: കൊട്ടിയത്ത് വസ്ത്ര വ്യാപാരശാലയില്‍ വന്‍ മോഷണം, 2 ലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. കൊട്ടിയത്തെ എന്‍കെ സില്‍ക്‌സിലാണ് ശനി പുലര്‍ച്ചെ ഒന്നിന് മോഷണം നടന്നത്. മോഷ്ടിച്ച പണം തോര്‍ത്തിലാണ് പൊതിഞ്ഞ് എടുത്തത്. പണത്തില്‍ കുറച്ച് കടയ്ക്കുള്ളിലെ പടികളില്‍ വീണ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

മോഷ്ടാവിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്. പണം സൂക്ഷിച്ച കാബിന്‍ കുത്തിത്തുറക്കാന്‍ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെത്തി. 4 നിലകളുള്ള കെട്ടിടത്തിന്റെ പിന്നില്‍ അഗ്‌നി രക്ഷാ സുരക്ഷാ പൈപ്പും എസിയുടെ പൈപ്പ് ലൈനും ഉണ്ട്.

ഇതിലൂടെ കയറിയാണ് മോഷ്ടാവ് നാലാമത്തെ നിലയില്‍ എത്തിയത്. ഇവിടെ അഗ്‌നിരക്ഷാ സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള മുറിയുടെ വാതില്‍ തകര്‍ത്താണ് കടയ്ക്കുള്ളില്‍ കയറിയത്. അവിടെ നിന്ന് താഴത്തെ നിലയില്‍ എത്തി കൗണ്ടര്‍ കാബിന്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചതായാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.

പാന്റും ഷര്‍ട്ടും ധരിച്ച് മുഖം മറയ്ക്കാത്ത മോഷ്ടാവ് കൗണ്ടര്‍ ചാടിക്കടന്ന് കാബിന്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്ന ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മോഷണത്തിനു ശേഷം വന്ന വഴി തന്നെ തിരിച്ചു പോയിരിക്കാമെന്നാണു നിഗമനം.

മോഷണം നടക്കുമ്പോള്‍ സുരക്ഷാ ജീവനക്കാരന്‍ കടയുടെ മുന്നില്‍ ഉണ്ടായിരുന്നു. മഴയുണ്ടായിരുന്നതിനാല്‍ ശബ്ദമൊന്നും കേട്ടില്ലെന്നാണ് സുരക്ഷാ ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞത്. കൊട്ടിയം ഇന്‍സ്‌പെക്ടര്‍ ജിംസ്റ്റല്‍, എസ്‌ഐ സുജിത് ജി.നായര്‍, ഫൊറന്‍സിക് വിദഗ്ധര്‍ എന്നിവര്‍ എത്തി തെളിവുകള്‍ ശേഖരിച്ചു.

Exit mobile version