അസമത്വത്തിനും അവഗണനകള്‍ക്കുമെതിരെ ശക്തമായി പൊരുതുന്ന സംസ്ഥാനമാണ് കേരളം..! മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: അസമത്വത്തിനും അവഗണനകള്‍ക്കുമെതിരെ ശക്തമായി പൊരുതുന്ന സംസ്ഥാനമാണ് കേരളം. നവോത്ഥാന കാലം മുതല്‍ അത് അങ്ങനെയാണെന്ന് എക്‌സൈസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷനും ചലനപരിമിതി നേരിടുന്നവര്‍ക്ക് നല്‍കുന്ന മുച്ചക്രവാഹനത്തിന്റേയും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കുള്ള സ്ഥിര നിക്ഷേപ സര്‍ട്ടിഫിക്കറ്റിന്റേയും വിതരണ ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികള്‍ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സന്തോഷവും ആത്മവിശ്വാസവുമാണ് സാമൂഹ്യനീതി വകുപ്പ് നല്‍കുന്നത്.

എക്‌സൈസ് വകുപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്ന് ഒന്നരക്കോടി രൂപ സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികള്‍ക്കായി വിനിയോഗിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായവര്‍ക്കു തൊഴില്‍ പരിശീലനം നല്‍കുന്നതിന് തൊഴില്‍ വകുപ്പ് നല്‍കുന്ന പദ്ധതികളുടെ പ്രയോജനം എല്ലാവരിലുമെത്തിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു.

Exit mobile version