മരിച്ചെന്ന് കരുതി, മരണാനന്തര ചടങ്ങുകളും നടത്തി; ഭർത്താവ് വേറെ വിവാഹവും കഴിച്ചു; സീതയെ ഏഴു വർഷത്തിന് ഇപ്പുറവും കാത്തിരുന്നത് മക്കൾ; ആഹ്ലാദം

കണ്ണൂർ: മരിച്ചെന്ന് കരുതിയ അമ്മയെ ഏഴ് വർഷത്തിനിപ്പുറം വീണ്ടും കണ്ടപ്പോൾ സന്തോഷമടക്കാനാകാതെ മക്കൾ. എന്നാൽ മറവിയുടെ ഭാരം അഴിച്ചുവെച്ച് വീടണഞ്ഞ സീതയ്ക്ക് അത്ര സുഖകരമായ വാർത്തകളല്ല കേൾക്കാനായത്. സീതയെ നഷ്ടപ്പെട്ടതോടെ ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചു. കൂടാതെ ബന്ധുക്കൾ മരണാനന്തര ചടങ്ങുകൾ നടത്തുകയും ചെയ്തു.

മരിച്ചുപോയ അമ്മയെ തിരിച്ചുകിട്ടിയ മക്കളുടെ ആഹ്ലാദം കണ്ടതോടെ സീതയും സന്തോത്തിലമർന്നു. നേപ്പാളിലെ ലുംബിനി സ്വദേശി സീതയ്ക്ക് പുതുജന്മം നൽകിയത് കേരളമാണ്. കണ്ണൂരിലെ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റും കെഎസ് ജയമോഹനുമാണ് സീതയുടെ ജന്മനാട്ടിലേക്കുള്ള വഴിയൊരുക്കിയത്.

ഏഴുവർഷം മുൻപ് മനോനില തെറ്റിയ നിലയിൽ കണ്ണൂരിലെ നഗരത്തിൽ അലഞ്ഞുനടന്ന സീതാ ഖനാലിനെ പോലീസുകാരാണ്ഹാപ്പ് ചാരിറ്റബിൾ ട്രസ്റ്റിലെത്തിച്ചത്. സ്വന്തം പേരുപോലും ഓർമയില്ലാത്ത അവസ്ഥയിലായിരുന്നു സീത അന്ന്. പിന്നീട് അഞ്ചുവർഷം പരിയാരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പതിയെ ഓർമ്മകൡലേക്ക് നടന്നെത്തിയ സീത ബർമാല എന്നും വനമാലയെന്നുമാണ് പേരെന്ന് അവർ പറഞ്ഞു. സ്ഥലം നേപ്പാളിലാണെന്നും ഒരുഘട്ടത്തിൽ ഓർത്തെടുത്തു. പിന്നീട് എങ്ങനെയെങ്കിലും വീട്ടിൽ പോകണമെന്നായിരുന്നു അവരുടെ ആഗ്രഹം.

ഇതിനിടെ നാട് കണ്ടെത്താനായി കൂടെയുള്ളവർ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. കോട്ടയം ബിവിഎം കോളേജിലെ എംഎസ്ഡബ്ല്യു വിദ്യാർഥിനി ജസ്റ്റീന നിവിലിനെ ഒരുമാസം സീതയ്‌ക്കൊപ്പം താമസിപ്പിച്ചു. കിട്ടാവുന്ന എല്ലാ വിവരങ്ങളും ശേഖരിച്ച് ജസ്റ്റീനയാണ് സീതയുടെ വഴികാട്ടിയായത്.

നേപ്പാളിലെ തെരുവുകളും കെട്ടിടങ്ങളും ഒന്നൊന്നായി കാണിച്ചുകൊടുത്തായിരുന്നു വഴി കണ്ടുപിടിക്കൽ. ഒരിക്കൽ ശ്രീബുദ്ധന്റെ വലിയ പ്രതിമ കണ്ടപ്പോൾ സീത കൈകൂപ്പി. കപിലവസ്തുവിലെ ബെറ്റ്വാൾ എന്ന സ്ഥലമായിരുന്നു അതെന്ന് തിരിച്ചറിഞ്ഞു.

ഇതോടെ ലുംബിനി പ്രവിശ്യയിലെ കപിലവസ്തു ജില്ലയിലെ ബുദ്ധഭൂമിയിലാണ് അവരുടെ നാട് എന്ന് കണ്ടെത്തി. ഇക്കാര്യം നേപ്പാൾ എംബസിയിൽ അറിയിച്ചു. ആ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന സീതയുടെ ഭർത്താവിനെ വൈകാതെ കണ്ടെത്തി. ക്ഷേത്രം കണ്ടതോടെ അവരുടെ കണ്ണ് നിറഞ്ഞു.

also read- ഒരാഴ്ചയ്ക്കുള്ളിൽ 70 ലക്ഷത്തിന്റെ രണ്ട് സമ്മാനങ്ങളുമായി തായിക്കാട്ടുകര ഗ്രാമം; ലക്ഷാധിപതികളായത് തൊഴിലാളികൾ

തുടർന്ന് ജയമോഹനും സംഘവും അവരെയുംകൂട്ടി ഡൽഹിയിലേക്ക് പോയി. അവിടെനിന്ന്് എംബസിക്ക് കൈമാറുകയും എംബസി സഹായത്തോടെ നാട്ടിലെത്തിക്കുകയുമായിരുന്നു. ഏതായാലും ബെറ്റ്വാളിലെ നാട്ടുകാരും മക്കളുമെല്ലാം അവരെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ്.

Exit mobile version