കുളിപ്പിക്കാനിറക്കി, ആറ്റില്‍ നിന്ന് തിരിച്ചുകയറാതെ ‘സീത’; തിരിച്ചകയറിയത് നാല് മണിക്കൂറിന് ശേഷം

പത്തനംതിട്ട: പത്തനംതിട്ട അയിരൂരില്‍ പമ്പയാറ്റില്‍ ഇറങ്ങിയ സീത എന്ന ആനയെ നാല് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ കരയ്ക്ക് കയറ്റി. പാപ്പാന്‍മാര്‍ കുളിക്കാനെത്തിച്ച പിടിയാനയാണ് ആറ്റിലേക്ക് ചാടിയത്.

അതേസമയം, തിരുവനന്തപുരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ആനയാണ്. നാളെ തന്നെ ആനയെ അവിടേക്ക് തിരിച്ചെത്തിക്കാന്‍ വനം വകുപ്പ് നിര്‍ദേശം നല്‍കി. പൊതു ജനങ്ങള്‍ക്ക് ഉപദ്രവവും നാശനഷ്ടങ്ങളും ഉണ്ടാകാത്തതിനാല്‍ സംഭവത്തില്‍ വനം വകുപ്പ് കേസെടുത്തിട്ടില്ല.

അയിരൂരിലെ ആനപ്രേമികള്‍ പാട്ടത്തിനെടുത്ത സീത എന്ന പിടിയാനയാണ് ഇടഞ്ഞതിനെ പിന്നാലെ ആറ്റില്‍ ചാടിയത്. സമീപത്തെ കൂപ്പില്‍ തടി പണിക്ക് എത്തിച്ച ആനയെ പണി കഴിഞ്ഞ ശേഷം ആറ്റില്‍ കുളിപ്പിക്കാന്‍ കൊണ്ടു വന്നപ്പോഴാണ് ആറ്റിന്റെ നടുവിലേക്ക് പോയത്. പ്രത്യേകിച്ച് പ്രകോപനമൊന്നുമില്ലാതെയാണ് ആന ആറ്റിലേക്ക് ഇറങ്ങിയതെന്നാണ് പാപ്പാന്‍മാര്‍ പറയുന്നത്. പാപ്പാന്‍മാരുടെ ശ്രമത്തെ തുടര്‍ന്ന് ഇടയ്ക്ക് ഒരു തവണ ആന കരയ്ക്ക് കേറിയെങ്കിലും വീണ്ടും പുഴയിലേക്ക് തന്നെ ഇറങ്ങി.

ആറ്റിലൂടെ നീങ്ങുന്ന ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമങ്ങള്‍ നാല് മണിക്കൂറോളം നീണ്ടു. പാപ്പന്‍മാരും നാട്ടുകാരും ചേര്‍ന്ന ആനയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആറ്റിന് ഇരുവശത്തുമായി ആളുകള്‍ കൂടിയത് കണ്ട് ആന തിരിച്ചു കേറാന്‍ കൂട്ടാക്കുന്നുണ്ടായിരുന്നില്ല. കരയില്‍ ആളുകള്‍ സംഘടിച്ചതും ആന കരക്ക് കയറാതിരിക്കാന്‍ കാരണമായി.

Exit mobile version