2.50ന് ബെല്ല് മുഴങ്ങി; അമ്മ തൊട്ടിലിൽ നിന്നും ലഭിച്ചത് അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ; ആരോഗ്യവതിയായ കുഞ്ഞ് ഇനി ശിശുക്ഷേമ സമിതിക്ക്

കോട്ടയം: ജനിച്ച് അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കോട്ടയം ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ നിന്ന് ലഭിച്ചു. ഇന്നലെ പുലർച്ചെ 2.50ന് ആണ് പെൺകുഞ്ഞിനെ ലഭിച്ചത്. മേയ് 31ന് ജനിച്ചതാണെന്നു രേഖപ്പെടുത്തിയ ടാഗ് കുഞ്ഞിന്റെ കയ്യിൽ ബന്ധിച്ചിട്ടുണ്ട്. 2.800 കിലോഗ്രാം തൂക്കമുള്ള കുഞ്ഞ് പൂർണ ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു.

ജനറൽ ആശുപത്രിയിലെ ശിശുരോഗ ചികിത്സാ വിഭാഗത്തിലെ നവജാത സംരക്ഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി അധികൃതർക്ക് കൈമാറും. ഇന്നലെ പുലർച്ചെ അത്യാഹിത വിഭാഗത്തിൽ ജോലിയിൽ ആയിരുന്ന ജീവനക്കാരാണ് അമ്മത്തൊട്ടിലിൽ ശിശുവിനെ ലഭിച്ചത് ആദ്യം അറിഞ്ഞത്. കുഞ്ഞിനെ അത്യാഹിത വിഭാഗത്തിനു സമീപത്തെ അമ്മത്തൊട്ടിലിൽ കിടത്തി ഏതാനും മിനിറ്റുകൾക്കുള്ളിൽ അത്യാഹിത വിഭാഗത്തിലെ ബെൽ മുഴങ്ങുകയായിരുന്നു. ഇതോടെ ജീവനക്കാർ എത്തി കുഞ്ഞിനെ ഏറ്റെടുത്ത് അത്യാഹിത വിഭാഗത്തിലേക്കും തുടർന്ന് നവജാതശിശു വിഭാഗത്തിലേക്കു മാറ്റി.

also read- മഹാധമനി തകർന്ന അതിഥി തൊഴിലാളിക്ക് ശസ്ത്രക്രിയയ്ക്ക് വേണ്ടത് 25 ലക്ഷം; സൗജന്യമായി ശസ്ത്രക്രിയ നടത്തി ഗവ.മെഡിക്കൽ കോളേജ്; അഭിനന്ദിച്ച് ആരോഗ്യമന്ത്രിയും

ഇനി കുഞ്ഞിനെ നടപടികൾ പൂർത്തിയാക്കി ശിശുക്ഷേമ സമിതിക്ക് ദത്തുനൽകാനാകും. അമ്മത്തൊട്ടിലിൽ കുഞ്ഞിനെ ലഭിച്ചാൽ കുഞ്ഞിന്റെ ആരോഗ്യനില പരിശോധിച്ച ശേഷം പ്രാഥമിക ചികിത്സയും പരിചരണവും നൽകുന്നതിനൊപ്പം കുഞ്ഞിനെ ലഭിച്ച വിവരം ജില്ലാ ശിശുക്ഷേമ സമിതിയെ അറിയിക്കുകയാണ് പ്രാഥമികമായി ചെയ്യുക.

ശിശുക്ഷേമ സമിതി അധികൃതർ എത്തുന്നതുവരെ കുഞ്ഞിനെ താൽക്കാലികമായി ഇവിടെ സംരക്ഷിക്കും. പിന്നീട് ഇവർ കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണത്തിനായി ജില്ലയിലെ സർക്കാർ അംഗീകാരമുള്ള ശിശു സംരക്ഷണ സ്ഥാപനത്തിനു കൈമാറും. നടപടിക്രമങ്ങൾ പൂർത്തിയാക്കി അർഹതപ്പെട്ട കുടുംബത്തിനു മാനദണ്ഡപ്രകാരം ദത്ത് നൽകുന്നതോടെ കുഞ്ഞിന് പുതിയ ജീവിതം ആരംഭിക്കും.

Exit mobile version