റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യ തന്നെ; കഴുത്തിലെ മുറിവിനെ സംബന്ധിച്ച ദുരൂഹതയും നീക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കോഴിക്കോട്: യൂട്യൂബറായിരുന്ന കോഴിക്കോട് കാക്കൂർ പാവണ്ടൂർ സ്വദേശി റിഫ മെഹ്നുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് സ്ഥിരീകരിച്ച് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റിഫയുടേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ദുബായിൽ ഫ്ളാറ്റിൽ മാർച്ച് ഒന്നിന് മരിച്ച നിലയിൽ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷമാണ് ഖബറിൽ നിന്നും പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.

റിഫയുടെ കഴുത്തിൽ കണ്ടെത്തിയ മുറിവേറ്റ അടയാളത്തെ സംബന്ധിച്ചായിരുന്നു ദുരൂഹത ഉയർന്നത്. ഇത് തൂങ്ങി മരണത്തിന്റേതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങൾ കൂടി വരാനുണ്ട്.

അതേസമയം, റിഫയുടെ മരണത്തിൽ കാസർകോട് സ്വദേശിയും യൂട്യൂബറുമായ ഭർത്താവ് മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകൾ പ്രകാരമാണ് കാക്കൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.

ALSO READ- പ്രഭാസിന്റെ സലാർ കാത്തിരുന്നു, കാത്തിരുന്നു മടുത്തു; അപ്‌ഡേഷൻ അറിയിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും; പ്രശാന്ത് നീലിന് ആരാധകന്റെ ഭീഷണി കത്ത്!

റിഫയുടെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്. പാവണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നിന്ന് ഈ മാസം ഏഴിനാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്.

കോഴിക്കോട് തഹസിൽദാറുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം അന്നുതന്നെ ഖബറടക്കുകയും ചെയ്തിരുന്നു.

Exit mobile version