അരയില്‍ പ്ലാസ്റ്റിക് കുപ്പി കെട്ടി കുളിക്കാന്‍ എത്തി: കുളത്തില്‍ മുങ്ങിത്താഴ്ന്ന് കുട്ടികള്‍, രക്ഷകരായി ഷാജിയും മുഹമ്മദും

ചങ്ങരംകുളം: വീട്ടുകാര്‍ അറിയാതെ കുളത്തില്‍ കുളിക്കാന്‍ എത്തി, മുങ്ങി താഴ്ന്ന കുട്ടികള്‍ക്ക് രക്ഷകരായി ഷാജിയും മുഹമ്മദും. ചിയ്യാനൂരില്‍ ചിറകുളത്തില്‍ ശനിയാഴ്ച വൈകീട്ടാണ് നീന്തലറിയാത്ത നാല് കുട്ടികള്‍ കുളിക്കാനെത്തിയത്. ഇവരില്‍ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്.

വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ വേണ്ടി അരയില്‍ കെട്ടിയ പ്ളാസ്റ്റിക് കുപ്പി വേര്‍പെട്ടതോടെ മുങ്ങിത്താഴുകയായിരുന്നു. ഒരു കുട്ടി മുങ്ങിത്താഴാന്‍ തുടങ്ങിയതോടെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച രണ്ട് കുട്ടികള്‍ കൂടി അപകടത്തില്‍പ്പെടുകയായിരുന്നു.

ഇതേസമയം, വളയംകുളത്തെ ചുമട്ടുതൊഴിലാളി കൂടിയായ ഷാജിയുടെ ബൈക്ക് കുളത്തിന് സമീപത്തുവെച്ച് പഞ്ചറായി. പ്രദേശത്തെ മൊബൈല്‍ പഞ്ചര്‍ സര്‍വീസ് ചെയ്യുന്ന മുനീബ് എത്തി പഞ്ചര്‍ അടയ്ക്കുന്നതിനിടെയാണ് കരയില്‍ നിന്നിരുന്ന കുട്ടി ഷാജിയോടും മുനീബിനോടും കാര്യങ്ങള്‍ വന്ന് പറഞ്ഞത്.

Read Also: മോശമാണെന്ന് മനസിലായാല്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയി; പീഡന ആരോപണം സത്യസന്ധമാണെന്ന് തോന്നുന്നില്ല; വിജയ് ബാബുവിനെതിരായ കേസില്‍ മല്ലിക സുകുമാരന്‍

ഷാജി ഉടനെ തന്നെ കുളത്തിലേക്കു ചാടി കുളത്തില്‍ മുങ്ങിക്കൊണ്ടിരുന്ന രണ്ടു പേരെ കരയ്ക്കു കയറ്റി. ഇവരെ രക്ഷിച്ച് അവശനായി കരയില്‍ ഇരുന്ന് ഷാജിയും മുനീബും ഉറക്കെ ബഹളംവച്ചതോടെ സമീപത്തെ ചായക്കടയില്‍നിന്ന് ആളുകള്‍ എത്തി. കുളത്തിന് സമീപത്ത് തന്നെ താമസിക്കുന്ന മുഹമ്മദ് കുളത്തിലേക്ക് ചാടി മൂന്നാമത്തെ കുട്ടിയെയും കരയ്ക്കു കയറ്റി.

പടിഞ്ഞാറെ ചിയ്യാനൂരില്‍ താമസിക്കുന്ന നീന്തല്‍ അറിയാത്ത ബന്ധുക്കളായ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. വീട്ടുകാര്‍ അറിയാതെയാണ് കുളിക്കാന്‍ എത്തിയത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കാന്‍ വേണ്ടി അരയില്‍ കെട്ടിയ പ്ളാസ്റ്റിക് കുപ്പി വേര്‍പെട്ടതോടെയാണ് ആദ്യത്തെ കുട്ടി അപകടത്തില്‍പ്പെട്ടത്. മുനീബിന്റെയും ഷാജിയുടെയും മുഹമ്മദിന്റെയും ഇടപെടലും രക്ഷാപ്രവര്‍ത്തനവും വലിയ ദുരന്തത്തില്‍നിന്നാണ് കര കയറ്റിയത്.

ഏതാനും വര്‍ഷം മുമ്പാണ് കുളത്തിന് സമീപത്ത് വെള്ളക്കെട്ടില്‍വീണ് രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചത്. മഴക്കാലമാകുന്നതോടെ കുളങ്ങളും തോടുകളും മറ്റു വെള്ളക്കെട്ടുകളും വലിയ ദുരന്തങ്ങള്‍ക്കും അപകടങ്ങള്‍ക്കും കാരണമാകുമെന്നും നീന്തലറിയാത്തവര്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ശ്രദ്ധിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version