കണ്‍മുന്നില്‍ പൊലിഞ്ഞത് പ്രിയതമനും സഹോദരനും: അല്‍ഫിയയെ ആശ്വസിപ്പിക്കാനാകാതെ സുഹൃത്തുക്കളും ബന്ധുക്കളും

തെന്മല: കണ്‍മുന്നില്‍ പ്രിയതമനെയും സഹോദരനെയും നഷ്ടമായതിന്റെ ഞെട്ടലിലാണ് അല്‍ഫിയ. വിവാഹം കഴിഞ്ഞ് ഒരുമാസം ആകുംമുമ്പേയാണ് അന്‍സലിന്റെ വിയോഗം, അല്‍ഫിയയെ ആശ്വസിപ്പിക്കാനാകാതെ വിറങ്ങലിച്ചുനില്‍ക്കുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും.

കഴിഞ്ഞദിവസമാണ് പരപ്പാര്‍ ഡാമിനുസമീപം കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ
കരുനാഗപ്പള്ളി പുതുക്കാട് വടക്കേതില്‍ (പുത്തന്‍പുരയ്ക്കല്‍) അന്‍സല്‍ (26), ഭാര്യാസഹോദരന്‍ പുത്തന്‍വീട്ടില്‍ കിഴക്കേതില്‍ അല്‍ത്താഫും(23) മുങ്ങിമരിച്ചത്.
അല്‍ത്താഫും അന്‍സിലും സുഹൃത്തുക്കളെപ്പോലെയായിരുന്നു. ഇരുവര്‍ക്കും നാട്ടില്‍ വലിയ സുഹൃദ് ബന്ധങ്ങളും ഉണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 18-നാണ് അന്‍സിലും അല്‍ത്താഫിന്റെ സഹോദരി അല്‍ഫിയയും തമ്മിലുള്ള വിവാഹം നടന്നത്. വിദേശത്തായിരുന്ന അന്‍സില്‍ വിവാഹത്തിനായാണ് നാട്ടില്‍ എത്തിയത്. നവംബര്‍ അവസാനത്തോടെ മടങ്ങിപ്പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഏര്‍വാടി പള്ളിയിലേക്ക് തീര്‍ത്ഥാടനത്തിനു പോയത്.

പള്ളിയില്‍ പോയി തിരികെവരുമ്പോള്‍ ഡാം കവലയിലെ കുളിക്കടവില്‍ ഇറങ്ങുകയായിരുന്നു. ആദ്യം ഒരാളാണ് ഒഴുക്കില്‍പ്പെട്ടത്. അടുത്തയാള്‍ രക്ഷിക്കാന്‍ ഇറങ്ങിയതോടെ രണ്ടുപേരും കയത്തില്‍ മുങ്ങിത്താഴ്ന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ശക്തമായ ഒഴുക്കും വെള്ളം കലങ്ങിമറിഞ്ഞതും കണ്ടെത്താന്‍ തടസ്സമായി.

പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ കല്ലടയാറില്‍ നീരൊഴുക്ക് ശക്തമായിരുന്നു. നാട്ടുകാര്‍ ഏറെ പണിപ്പെട്ടാണ് ഇരുവരെയും കണ്ടെത്തിയത്. തെന്മല പോലീസും ചേര്‍ന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഹമീദ്കുഞ്ഞ് സജീല ദമ്പതികളുടെ മകനാണ് അന്‍സില്‍. ഭാര്യ: അല്‍ഫിയ. സഹോദരങ്ങള്‍: അസ്ലാം, ആദില. അന്‍സര്‍ ജാസ്മിയ ദമ്പതികളുടെ മകനാണ് അല്‍ത്താഫ്. സഹോദരങ്ങള്‍: അല്‍ഫിയ, ആഫിയ. അന്‍സിലിന്റെ മൃതദേഹം കോഴിക്കോട് ജമാഅത്ത്പള്ളിയിലും, അല്‍ത്താഫിന്റെ മൃതദേഹം പുത്തന്‍തെരുവ് ജമാഅത്ത്പള്ളിയിലും കബറടക്കി.

Exit mobile version