‘ചാണകം ഗോപിയെ വെളുപ്പിക്കാന്‍ ആണോ’? സ്ഫടികം ജോര്‍ജ്ജിന് ജീവിതം തിരിച്ചുനല്‍കിയ കണ്ണുനിറയ്ക്കുന്ന അനുഭവം പറഞ്ഞ് ടിനി ടോം

‘അമ്മ’ സംഘടനയിലേക്ക് തിരിച്ചെത്തിയ നടന്‍ സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് സ്വീകരിക്കുന്ന ചിത്രം നടന്‍ ടിനി ടോം സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനു താഴെ സുരേഷ് ഗോപിക്കു നേരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

‘അമ്മയില്‍ ചാണകം വീണു’, ‘ചാണകം അകത്തുകേറി’ എന്നിങ്ങനെയൊക്കെയായിരുന്നു പരിഹാസ കമന്റുകള്‍. അതേസമയം, സുരേഷ് ഗോപിയെ വിമര്‍ശിക്കുന്നവര്‍ക്ക് വായയടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് ടിനി ടോം.

‘ചാണകം ഗോപിയെ വെളുപ്പിക്കാന്‍ ആണെങ്കില്‍ അതൊന്നും നടക്കില്ല മോനേ’, ‘നീ ചാണകത്തില്‍ ചവിട്ടിയോ’ എന്നൊക്കെയുള്ള കമന്റുകള്‍ കാണുന്നത് കൊണ്ടാണ് ഈ ലൈവ്. ഞാന്‍ പങ്കുവയ്ക്കുന്ന സുരേഷ് ഗോപിയോടൊപ്പമുള്ള ഫോട്ടോകള്‍ കാണുമ്പോള്‍ എന്റെ രാഷ്ട്രീയ നിലപാടുകളെപ്പറ്റിയും പലര്‍ക്കും സംശയമുണ്ട്. ആരെയും വെളുപ്പിക്കാന്‍ വേണ്ടിയല്ല ഞാന്‍ ഈ പോസ്റ്റ് ഇടുന്നത്.

ഈ ലോകത്ത് ആരും വെളുപ്പിക്കാന്‍ ശ്രമിക്കുന്നതിലൂടെ വെളുത്തിട്ടുമില്ല. നന്മ ചെയ്യുന്നവന് ഒപ്പം നില്‍ക്കുകയെന്നതാണ് എന്റെ രാഷ്ട്രീയം. അതിനി ഏത് രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും പ്രവര്‍ത്തകനാണെങ്കിലും അവര്‍ നന്മ ചെയ്യുകയാണെങ്കില്‍ അതിനൊപ്പം നില്‍ക്കണമെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.

സുരേഷ് ഗോപിയുടെ കയ്യില്‍നിന്നു കൈനീട്ടമല്ലാതെ ഒരു രൂപ പോലും ഞാന്‍ വാങ്ങിച്ചിട്ടില്ല. അദ്ദേഹം എനിക്കൊരു സിനിമയില്‍ പോലും അവസരം തന്നിട്ടുമില്ല. ഒരു കലാകാരനെന്ന നിലയില്‍ ഇനിയും ചില കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ അതൊരു പാപമാണെന്ന് കരുതുന്നതു കൊണ്ടാണ് ഇപ്പോള്‍ ഇത് തുറന്നു പറയുന്നത്. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷയ്ക്ക് പോകാറുണ്ട്. ഒരിക്കല്‍ അവിടെ ഗാനശുശ്രൂഷ ചെയ്യുന്ന രാജേഷ് എന്നയാള്‍ എന്നോട് പറഞ്ഞു: ഒരു സിനിമാതാരം തൊട്ടടുത്ത് വാടകയ്ക്ക് താമസിക്കുന്നുണ്ട്, ടിനി ഒന്നുപോയി കാണണം.

സ്ഫടികം ജോര്‍ജും കുടുംബവുമായിരുന്നു അത്. ഞാന്‍ അവരുടെ വീട്ടില്‍ ചെന്നപ്പോള്‍ വളരെ ക്ഷീണിതനായ ജോര്‍ജേട്ടനെയാണ് കണ്ടത്. അദ്ദേഹത്തിന്റെ ഭാര്യ അഞ്ച് കീമോ കഴിഞ്ഞിരിക്കുകയാണ്. കിഡ്‌നി മാറ്റിവയ്ക്കലാണ് അവരുടെ പ്രധാന ആവശ്യം. ലക്ഷങ്ങള്‍ ആവശ്യമായി വരും.

ഞാനൊരു സൂപ്പര്‍സ്റ്റാറല്ല. ഒരു സാധാരണ കുടുംബത്തില്‍നിന്നു വരുന്ന ആളാണ്. സിനിമക്കാരെ ദൂരെ നിന്ന് മാത്രം കണ്ടിട്ടുള്ള, ചെറിയ ചെറിയ സ്റ്റേജ് പ്രോഗ്രാമുകളിലൂടെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഒരാള്‍. സിനിമയില്‍ അവസരങ്ങള്‍ ചോദിക്കാന്‍ പോലും മടിയുള്ള ഒരാള്‍. മുന്‍നിര താരങ്ങളെയുള്‍പ്പടെ ഉള്‍ക്കൊള്ളിച്ച ‘അമ്മ’ എന്ന ഒരു സംഘടനയില്‍ നടത്തിയ ഇലക്ഷനിലൂടെയാണ് ഞാനിപ്പോള്‍ ഒരു സ്ഥാനത്തെത്തിയത്. ഒരു സാധാരണക്കാരനായിട്ട് തന്നെയാണ് ഞാന്‍ ഇപ്പോഴും അമ്മയില്‍ തുടരുന്നതും.

ആഗ്രഹം കൊണ്ട് മാത്രം സിനിമയില്‍ എത്തിയ ഒരാള്‍. അതുകൊണ്ടുതന്നെ കുറച്ചു പേരോട് ജോര്‍ജ് സാറിനുവേണ്ടി ഞാന്‍ സഹായമഭ്യര്‍ഥിച്ചു. സിനിമാ മേഖലയില്‍ത്തന്നെ മുന്‍നിരയിലുള്ള ഒന്നുരണ്ടു പേരോടും അദ്ദേഹത്തിന്റെ അവസ്ഥ പറഞ്ഞു. എന്നാല്‍ അവരില്‍ പലരും കൈമലര്‍ത്തി. എനിക്ക് വളരെ കുറ്റബോധം തോന്നി. നാളെ എനിക്കും ഇത് സംഭവിക്കാം. ഇതേ പോലെ ഒരു അവസ്ഥയില്‍ വന്നുപെട്ടാല്‍ അന്ന് ഞാനും ഒറ്റപ്പെടാന്‍ ഉള്ള സാധ്യതയുണ്ട് എന്ന കുറ്റബോധം തോന്നി. അതും മനസ്സില്‍ ചിന്തിച്ചു നടക്കുമ്പോഴാണ് സുരേഷ് ഗോപി സാറിനെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ചു കാണുന്നത്.

എനിക്ക് അങ്ങനെ അടുപ്പമൊന്നുമില്ല. അദ്ദേഹം തിരുവനന്തപുരത്തേക്ക് പോകാന്‍ വേണ്ടി നില്‍ക്കുകയായിരുന്നു. എയര്‍പോര്‍ട്ട് ലോബിയില്‍ ചെന്ന് അദ്ദേഹത്തോട് കാര്യം സൂചിപ്പിക്കുന്നതിനിടയില്‍ ഫ്‌ലൈറ്റിനു സമയമായി. ‘ഫ്‌ലൈറ്റ് ലാന്‍ഡ് ചെയ്താല്‍ നീ എന്റെ അടുത്തേക്ക് വരണം. നിന്റെ നമ്പര്‍ എനിക്ക് തരണം’ ഇത്രയും പറഞ്ഞിട്ട് അദ്ദേഹം ഫ്‌ളൈറ്റിലേക്ക് പോയി. എല്ലാവരെയും പോലെ അദ്ദേഹവും എന്നെ ഒഴിവാക്കാന്‍ പറഞ്ഞതാണ് എന്നാണ് ഞാനപ്പോള്‍ കരുതിയത്.

അദ്ദേഹമന്ന് രാഷ്ട്രീയത്തില്‍ സജീവമായ കാലമായിരുന്നില്ല. തിരുവനന്തപുരത്തെത്തി, എന്റെ നമ്പര്‍ വാങ്ങിയ അദ്ദേഹം പിന്നീട് ജോര്‍ജ് ഏട്ടന്റെ കാര്യം ഏറ്റെടുത്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന സംഭവമാണിത്. അന്ന് കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്റെ സകല നൂലാമാലകളും തരണം ചെയ്ത്, അതിനുവേണ്ടി എല്ലാ ക്രമീകരണങ്ങളും ഏറ്റെടുത്തു സുരേഷ് ഏട്ടന്‍ നടത്തിയതുകൊണ്ട് മാത്രമാണ് ജോര്‍ജ് ഏട്ടന്‍ ഇന്നും ജീവനോടെ ഇരിക്കുന്നത്. ഇന്നലെ അമ്മയുടെ മീറ്റിങ്ങില്‍ സുരേഷേട്ടന്‍ പങ്കെടുത്തപ്പോള്‍ ജോര്‍ജേട്ടനെ ആരോഗ്യവാനായി കാണുകയും അവര്‍ തമ്മില്‍ ആലിംഗനം ചെയ്യുകയും ചെയ്തു.

സുരേഷേട്ടന്‍ അമ്മയിലേയ്ക്ക് തിരികെ വരണമെന്ന ആഗ്രഹിച്ച കൂട്ടത്തില്‍ ഒരാളാണ് ഞാന്‍. ആ നിരയില്‍ ഞാന്‍ മുന്നിലുണ്ടായിരുന്നു. ഇത്രയും നല്ലൊരു മനുഷ്യന്‍ എത്ര നാള്‍ പുറത്തുനിന്നു. ‘അമ്മ’ ഒരു കുടുംബമാണ്. സിനിമയിലുള്ളവരും അദ്ദേഹത്തിന്റെ വരവ് ആഗ്രഹിച്ചിരുന്നു. വേദിയില്‍ എത്തിയപ്പോഴും കുടുംബകാര്യമാണ് സുരേഷേട്ടന്‍ പറഞ്ഞത്. ഇനിയും അദ്ദേഹത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കും. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങള്‍ തുറന്നുപറയും. മതവും രാഷ്ട്രീയ നിലപാടുകളും കണക്കിലെടുത്ത് ഒരാളെ അളക്കരുതെന്നും സുരേഷ് ഗോപി എന്ന കലാകാരന്റെ നന്മയും കരുതലും താന്‍ പലപ്പോഴും നേരിട്ടറിഞ്ഞതുമാണെന്ന കാര്യം പറയുമ്പോള്‍ ടിനിയുടെ കണ്ണു നിറയുന്നതും ലൈവില്‍ കാണാന്‍ കഴിയും.’

വിജയ് ബാബു വിഷയത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ നടക്കുമ്പോഴും സുരേഷ് ഗോപിയെ വരവേല്‍ക്കാന്‍ സഹപ്രവര്‍ത്തകര്‍ മത്സരിക്കുന്ന കാഴ്ചയ്ക്കാണ് പതിറ്റാണ്ടുകള്‍ക്കു ശേഷം ‘അമ്മ’യുടെ ഔദ്യോഗിക വേദി കഴിഞ്ഞ മേയ് ഒന്നിന് സാക്ഷ്യം വഹിച്ചത്. പൊന്നാടയണിയിച്ചും കൈനീട്ടം സ്വീകരിച്ചുമൊക്കെയാണ് അദ്ദേഹത്തിന്റെ തിരിച്ചു വരവ് സഹപ്രവര്‍ത്തകര്‍ ആഘോഷമാക്കിയത്. കുറച്ചു കാലമായി ‘അമ്മ’ നടത്തുന്ന പൊതു ചടങ്ങുകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന സുരേഷ് ഗോപി ‘ഉണര്‍വ്’ എന്ന ആരോഗ്യ പരിശോധനാ ക്യാംപില്‍ ഉദ്ഘാടകനായെത്തിയാണ് അമ്മയിലേക്കുള്ള തന്റെ തിരിച്ചു വരവറിയിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ടും തിരക്കുമൂലവും ചിലര്‍ മാറിനിന്നെങ്കിലും അതിനെ അതിജീവിക്കുകയായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ ‘ഉണര്‍വ്’.

”ഒരുകാലത്ത് മലയാള സിനിമയില്‍ വില്ലനായി വിലസിയ സ്ഫടികം ജോര്‍ജും ‘ഉണര്‍വില്‍’ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയും ജോര്‍ജും തമ്മില്‍ ആലിംഗനം ചെയ്തപ്പോള്‍ സത്യത്തില്‍ ആ കരുതല്‍ ഒരിക്കല്‍ കൂടി ആസ്വദിക്കുകയായിരുന്നു. സഹായം സ്വീകരിച്ച പലരും ഒരു ഫെയ്‌സ്ബുക് പോസ്റ്റിലൂടെയോ ഒരു നന്ദി വാക്കിലൂടെയോ അതൊന്നും അദ്ദേഹത്തോട് പറയാന്‍ ശ്രമിച്ചിട്ടില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ യുക്രെയ്ന്‍ വിഷയത്തില്‍ അദ്ദേഹം സഹായിച്ചവര്‍ പോലും കാര്യം കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെ മറന്ന മട്ടാണ്. പക്ഷേ, അദ്ദേഹം അതിലൊന്നിലും വിശ്വസിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ‘അമ്മ’ നടത്തിയ ആരോഗ്യ പരിശോധനാ ക്യാംപില്‍ മുഖ്യാതിഥിയായി സുരേഷ് ഗോപിയെ പങ്കെടുപ്പിക്കണമെന്നത് ഐകകണ്‌ഠ്യേനയെടുത്ത തീരുമാനമായിരുന്നു”വെന്നും അമ്മയുടെ ഭാരവാഹികൂടിയായ ടിനി ടോം പറഞ്ഞു.

Exit mobile version