മന്തിയില്‍ ഭക്ഷ്യവിഷബാധ: എട്ടു പേര്‍ ചികിത്സയില്‍, വേങ്ങരയിലെ മന്തി ഹൗസ് പൂട്ടി

മലപ്പുറം: വേങ്ങരയിലെ ഹോട്ടലില്‍ നിന്ന് മന്തി കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റതിനെ തുടന്‍ന്ന് വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസ് പൂട്ടിച്ചു. ചിക്കന്‍ മന്തിയിലെ ഇറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രണ്ട് ദിവസം മുന്‍പാണ് സംഭവം. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ആശുപത്രി വിട്ടു. സംഭവത്തെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ അടച്ചുപൂട്ടി. അതേസമയം, സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് പതിനഞ്ചുകാരിക്ക് മരണം സംഭവിച്ച വിഷയത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമെന്നും ആരോഗ്യമന്ത്രി ചൂണ്ടാക്കാട്ടി. ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. കുട്ടികള്‍ക്ക് ചികില്‍സ സൗജന്യമാക്കുമെന്നും മന്ത്രി വീണ അറിയിച്ചു.

കുട്ടികള്‍ ഭക്ഷണം കഴിച്ച ഐഡിയല്‍ കൂള്‍ബാറിലേക്ക് ഇറച്ചി നല്‍കിയ കടയ്ക്കെതിരെയും നടപടി സ്വീകരിച്ചു. കോഴിക്കടയ്ക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കട അടപ്പിച്ചു. റെയില്‍വേ സ്റ്റേഷന്‍ റോഡിലെ ബദരിയ എന്ന കടയാണ് ഭക്ഷ്യ സുരക്ഷ വകുപ്പ്് അടപ്പിച്ചത്.

ഷവര്‍മ്മ കഴിച്ച് വിദ്യാര്‍ത്ഥി മരിക്കാനിടയായ പശ്ചാത്തലത്തില്‍ ആയിരുന്നു ഭക്ഷ്യ വകുപ്പിന്റെ പരിശോധന നടന്നത്. ചെറുവത്തൂരിലെ മുഴുവന്‍ ഷവര്‍മ്മ കടകളിലും കോഴിക്കടകളിലും വകുപ്പ് പരിശോധന നടത്തി. കുട്ടികള്‍ ഷവര്‍മ്മ കഴിച്ച കൂള്‍ബാറിനും പ്രവര്‍ത്തനാനുമതിയില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഈ സ്ഥാപനത്തിന് എതിരെ കല്ലേറുണ്ടാകുകയും ഇവരുടെ വാഹനം കത്തിക്കുകയും ചെയ്യുന്ന നിലയിലേക്ക് പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Exit mobile version