ഗർഭം അലസിയ ശ്യാമിലിയെ കൊണ്ട് സ്‌കൂട്ടർ യാത്രയും പണിയെടുപ്പിക്കലും; ആത്മഹത്യ ചെയ്ത ഹോക്കി താരത്തോട് ഭർതൃവീട്ടുകാരുടെ ക്രൂരത

സ്ത്രീധനം വാങ്ങാൻ പാസ്ബുക്ക് കൊടുത്തുവിട്ടു; ഗർഭം അലസിയ ശ്യാമിലിയെ കൊണ്ട് സ്‌കൂട്ടർ യാത്രയും പണിയെടുപ്പിക്കലും; കൂട്ടുകാരുടെ കൂടെ പോവാനും നിർബന്ധിച്ചു; ഹോക്കി താരത്തിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ

കൊച്ചി: കേരളത്തിന്റെ ഹോക്കി താരം ശ്യാമിലി (26)ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കും എതിരെ ആരോപണങ്ങളുമായി ബന്ധുക്കൾ. യുവതിയുടെ മരണം ഭർത്താവിന്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനത്തെ തുടർന്നാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

കഴിഞ്ഞ 25ന് വൈകുന്നേരത്തോടെയാണ് ഹോക്കി താരം പോണേക്കരയിൽ പീലിയാട്ട് റോഡ് കടയപ്പറമ്പിൽ ശ്യാമിലിയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വരുന്ന നാലാം തീയതി കേരള ഒളിംപിക് ഗെയിംസിൽ കേരളത്തെ പ്രതിനിധീകരിച്ചു കളത്തിൽ ഇറങ്ങാനിരിക്കെയാണ് താരത്തിന്റെ ആത്മഹത്യ. യുവതിയുടെ ഭർത്താവ് തിരുവല്ല സ്വദേശി ആശിഷ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. ഭർത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്നു വീട്ടിൽ വന്നുനിൽക്കുകയായിരുന്നു യുവതി. ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂര പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ശ്യാമിലിയുടെ സഹോദരി പറയുന്നത്.

ശ്യാമിലിക്ക് ഭക്ഷണം നൽകാതെ പീഡിപ്പിക്കുന്നതും ശാരീരികമായി മർദ്ദിക്കുന്നതും പതിവായിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തി. എല്ലാ കാര്യത്തിലും വളരെ ബോൾഡായിരുന്ന ആളായിരുന്നു ചേച്ചി. കുറെ മാസങ്ങൾ പുറത്തിറങ്ങാതെ മാനസികമായി തളർത്തിയിട്ടിരിക്കുകയായിരുന്നു. ഗൾഫിൽ ആയിരുന്ന സമയത്ത് ആശിഷ് തിരിച്ചുവരികയാണെന്നും സ്ത്രീധനത്തിന്റെ കാര്യം ശരിയാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

പിന്നീട് അടുത്തൊരു ജിമ്മിൽ ജോലി കിട്ടിയതിനെ തുടർന്ന് അവിടെ പോകുന്നുണ്ടായിരുന്നു. ജിമ്മിൽ ചെല്ലുമ്പോാൾ മുതൽ വിഡിയോ കോളിൽ ചെല്ലണമായിരുന്നു. വിളിക്കുമ്പോൾ അസഭ്യം പറയുന്നതും പതിവായി. ഇതോടെ വിവാഹത്തിൽനിന്നു പിൻമാറാൻ ആലോചിച്ചെങ്കിലും ആശിഷ് തയാറായില്ല.

ALSO READ- 24 ലക്ഷം ഓഫർ; ‘അക്ഷയ് കുമാർ ചിത്രത്തിൽ നായികയാക്കാം രണ്ടു മൂന്നു പേർക്ക് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിച്ചു’; വെളിപ്പെടുത്തി നർത്തകി വർണിക സിന്ധു

ഇതിനിടെ സഹോദരിയ്ക്കു ലഹരി നൽകുകയും ഈ സമയം കൂട്ടുകാർക്കൊപ്പം പോകുന്നതിനു നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. പോകാത്തതിന് വിളിച്ചു ഭീഷണിപ്പെടുത്തുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു.ആശിഷിന്റെ സുഹൃത്തുക്കൾക്കൊപ്പം പോകാൻ നിർബന്ധിച്ചതായും പോയില്ലെങ്കിൽ മർദിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ശ്യാമിലി മറ്റൊരാളോടു പറയുന്ന ഓഡിയോ ലഭിച്ചിട്ടുണ്ട്. ഇത് പൊലീസിനു കൈമാറുമെന്നും ശ്യാമിലിയുടെ സഹോദരി പറയുന്നു.

നാലു വർഷം മുൻപ് ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്. ആ സമയത്ത് സ്ത്രീധനം ആവശ്യപ്പെടുകയോ നൽകുകയോ ചെയ്തിരുന്നില്ല. പിന്നീട് ഭർതൃ വീട്ടിലെ സാമ്പത്തിക പ്രശ്‌നം തീർക്കാൻ സ്ത്രീധനം നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്നാണ് നിരന്തരം യുവതി പീഡനത്തിന് ഇരയായത്. സ്ത്രീധനം വാങ്ങിവരാൻ ആവശ്യപ്പെട്ട് ഒരു തവണ പാസ്ബുക്ക് കൊടുത്തു വിട്ടതായും സഹോദരി ആരോപിക്കുന്നു.

also read- പുതിയ പരീക്ഷണത്തെ തടയില്ല; കാടൻകാവിൽ ബസിന് കണ്ടക്ടറില്ലാതെ സർവീസ് നടത്താം; അനുമതി നൽകി എംവിഡി

ആശിഷ് ഗൾഫിൽ പോകുന്നതിനു മുൻപ് മൂന്നാം മാസം ഗർഭം അലസുന്ന സാഹചര്യമുണ്ടായി. അന്നു രാത്രി തന്നെ ആശുപത്രിയിൽനിന്നു വന്ന് സ്‌കൂട്ടറിൽ തിരുവല്ല വരെ യാത്ര ചെയ്യിച്ചു. വീട്ടിലെത്തിയപ്പോൾ പണി ചെയ്യിച്ചു. ക്രൂരമായ പെരുമാറ്റമാണ് ബന്ധുക്കളിൽനിന്നും ഭർത്താവിൽനിന്നും ഉണ്ടായിട്ടുള്ളത്.

എന്നാൽ, സാധാരണ ഭാര്യാ-ഭർതൃ ബന്ധത്തിനിടയിലുള്ള പ്രശ്‌നം മാത്രമാണ് രണ്ടുപേർക്കും ഇടയിൽ ഉണ്ടായിരുന്നതെന്ന് ശ്യാമിലിയുടെ ഭർത്താവ് പറയുന്നു. ഗർഭിണിയായിരിക്കെ വേണ്ട കരുതലുകൾ നൽകിയിട്ടുണ്ട്. അറിയാത്ത എന്തോ കാരണം ശ്യാമിലിയുടെ മരണത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. തന്നിൽനിന്ന് എന്തോ കാര്യം മറയ്ക്കാനുണ്ടെന്നാണ് കരുതുന്നത്. വിശദവിവരം അറിയാൻ ശ്യാമിലിയുടെ ഫോൺ പരിശോധിക്കണം. അത് നിലവിൽ കണ്ടെത്താനായിട്ടില്ല. ഭർത്താവായ തനിക്കാണ് നഷ്ടമുണ്ടായിട്ടുള്ളതെന്നും ഭാര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാനാവശ്യപ്പെട്ടു പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ആശിഷ് പറയുന്നു.

Exit mobile version