അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് ക്യാഷ് അവാർഡ് ഇനി കേരളത്തിലും; പ്രഖ്യാപിച്ച് പോലീസ് മേധാവി

തിരുവനന്തപുരം: അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഐപിഎസ്. ഒരു മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് ക്യാഷ് അവാർഡ് നൽകുമെന്നാണ് പ്രഖ്യാപനം.

സഹായിക്കുന്നവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ച് യോഗ്യത ഉറപ്പ് വരുത്തിയതിന് ശേഷമായിരിക്കും ക്യാഷ് പ്രൈസുകൾ നൽകുക. അപകടത്തിൽ പെട്ടവരെ സഹായിച്ചവരെ സംബന്ധിച്ച് ശ്രദ്ധയിൽപ്പെട്ടാലുടൻ ആശുപത്രിയിലെ ഡോക്ടറെ ബന്ധപ്പെട്ട് പോലീസ് വിശദവിവരങ്ങൾ ശേഖരിക്കും. തുടർന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം അവാർഡിനുള്ള അർഹത രക്ഷപ്പെടുത്തിയ ആൾക്കുണ്ടോയെന്ന് പരിശോധിക്കും.

ഈ യോഗ്യതകൾ ഉണ്ടെന്നു ബോധ്യപ്പെട്ടാൽ അക്കാര്യം നിശ്ചിത മാതൃകയിൽ ജില്ലാതല അപ്രൈസൽ കമ്മിറ്റി അധ്യക്ഷൻ കൂടിയായ ജില്ലാ കളക്ടറെ അറിയിക്കും. ഇതിന്റെ ഒരു പകർപ്പ് രക്ഷപ്പെടുത്തിയ ആൾക്ക് നൽകുകയും ചെയ്യും. ജില്ലാതല അപ്രൈസൽ കമ്മിറ്റി ഇത്തരം ശുപാർശകൾ എല്ലാമാസവും പരിശോധിച്ച് അർഹമായവ ഗതാഗത കമ്മീഷണർക്ക് അയച്ചുകൊടുക്കും. അർഹരായവർക്ക് ഗതാഗത കമ്മീഷണറാണ് ക്യാഷ് അവാർഡ് നൽകുന്നത്.

also read- ഐപിഎസ് ഉദ്യോഗസ്ഥ ഐശ്വര്യ ദോംഗ്രെയ്ക്ക് തിങ്കളാഴ്ച മാംഗല്യം; വരൻ എറണാകുളം സ്വദേശി അഭിഷേക്

പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്താനായി സംസ്ഥാനതല നിരീക്ഷണസമിതിക്കും രൂപം നൽകിയിട്ടുണ്ട്. മൂന്നുമാസത്തിലൊരിക്കൽ യോഗം ചേരുന്ന സമിതി ഏറ്റവും സ്തുത്യർഹമായ രക്ഷാപ്രവർത്തനം കാഴ്ചവെച്ച മൂന്നുപേരെ ദേശീയ അവാർഡിന് പരിഗണിക്കുന്നതിനായി കേന്ദ്ര സർക്കാരിലേയ്ക്ക് നാമനിർദ്ദേശം ചെയ്യും.

സംസ്ഥാനതല നിരീക്ഷണസമിതിയിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി വിഭാഗം ഐ.ജി എന്നിവർ അംഗങ്ങളും ഗതാഗത കമ്മീഷണർ മെമ്പർ സെക്രട്ടറിയുമാണ്.

Exit mobile version