വാക്ക് പാലിച്ച് സുരേഷ് ഗോപി: ഇരിട്ടിയുടെ മരുമകളായ മുന്‍മിയ്ക്ക് സ്വന്തം വീടെന്ന സ്വപ്‌നം സഫലമായി

കണ്ണൂര്‍: വാക്ക് പാലിച്ച് അസം സ്വദേശിനി മുന്‍മി ഗഗോയിക്ക് സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കി നല്‍കി മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി. മുന്‍മി ഗഗോയിക്ക് കുടുംബത്തിനും സ്വന്തമായി വീട് നിര്‍മ്മിച്ചു നല്‍കും എന്ന വാക്കാണ് സുരേഷ് ഗോപി പാലിച്ചിരിക്കുന്നത്.

കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇരിട്ടി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് മുന്‍മി. ഇരിട്ടിയുടെ മരുമകളായിട്ടാണ് മുന്‍മി ഗഗോയ് കണ്ണൂരില്‍ എത്തുന്നത്.

കുറച്ചുകാലം കൊണ്ട് തന്നെ ഇരിട്ടി വാസികളുടെ മനസില്‍ ഇടംപിടിച്ച മുന്‍മി ചോര്‍ന്നൊലിക്കുന്ന വളരെ പരിമിതമായ ഒറ്റമുറി വാടക വീട്ടിലാണ് ഇതുവരെ താമസിച്ചിരുന്നത്. ഇത് വാര്‍ത്തകളിലൂടെ അറിഞ്ഞ സുരേഷ് ഗോപി എംപി മുന്‍മിക്ക് വീട് നിര്‍മ്മിച്ച് നല്‍കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തു.

പക്ഷേ വീട് വെക്കാന്‍ സ്വന്തം സ്ഥലമില്ലാതെ വന്ന സാഹചര്യത്തില്‍ ആ പ്രദേശത്തിലെ മനുഷ്യ സ്നേഹിയായ ഡോക്ടര്‍ പി. സലീം എന്നയാള്‍ മുന്‍മിക്ക് വീട് വെക്കാന്‍ സൗജന്യമായി സ്ഥലം നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നു.

തുടര്‍ന്ന് സുരേഷ് ഗോപിയുടെ നിര്‍ദ്ദേശ പ്രകാരം വീട് പണി പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കുകയായിരുന്നു. ഇന്ന് മുന്‍മിയും കുടുംബവും താരത്തിന്റെ അനുഗ്രഹത്തിലും സാന്നിധ്യത്തിലും പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. കൂപ്പുകൈകളോടെ എറെ നന്ദി പ്രകടിപ്പിച്ചാണ് മുന്‍മി സൂപ്പര്‍ താരത്തെ വീട്ടിലേക്ക് വരവേറ്റത്.

Exit mobile version