അയ്യപ്പജ്യോതിയില്‍ 21 ലക്ഷം ഭക്തര്‍ അണിനിരന്നെന്ന് മലയാള മനോരമ; ആകെ പത്ത് ലക്ഷം പേരാണ് എത്തിയതെന്ന് സംഘാടകര്‍! ‘മയത്തില്‍ തള്ളൂ’വെന്ന് സോഷ്യല്‍മീഡിയ

തലയില്‍ മുണ്ടിട്ട് നടന്നോളൂ എന്നും പരിഹസിക്കുന്നുണ്ട്.

കൊച്ചി: സംഘപരിവാര്‍ സംഘടനകളുടെ പിന്തുണയോടെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബിജെപി നടത്തിയ അയ്യപ്പ ജ്യോതിയില്‍ 21 ലക്ഷം പേര്‍ അണിനിരന്നുവെന്ന് പ്രമുഖ പത്രമായ മനോരമ. വനിതാ മതിലിന് ബദലായാണ് ബിജെപി അയ്യപ്പ ജ്യോതി സംഘടിപ്പിച്ചത്. എന്നാല്‍ 21 ലക്ഷം പേര്‍ പങ്കെടുത്തുവെന്ന മനോരമയുടെ അവകാശവാദത്തെ തള്ളി സംഘാടകര്‍ രംഗത്തെത്തി. 10 ലക്ഷം പേര്‍ മാത്രമാണ് ജ്യോതിയില്‍ പങ്കെടുത്തതെന്ന് അവര്‍ പറയുന്നു. ഇതോടെ മനോരമയുടെ തള്ളല്‍ കുറച്ച് കുറയ്ക്കാമെന്ന് പറഞ്ഞ് പരിഹസിച്ച് സമൂഹമാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.

ആചാരസംരക്ഷണ പ്രതിജ്ഞയുമായി നാടെങ്ങും അയ്യപ്പജ്യോതി എന്ന തലക്കെട്ടോടെ ഇന്നിറങ്ങിയ പത്രത്തിലാണ് മലയാള മനോരമ അയ്യപ്പജ്യോതിയില്‍ 21 ലക്ഷത്തോളം പേര്‍ പങ്കെടുത്തെന്ന് എഴുതി പിടിപ്പിച്ചത്. വനിതാ പ്രാതിനിധ്യം ശ്രദ്ധേയമായെന്നും പത്രം പറയുന്നുണ്ട്. 765 കിലോമീറ്റര്‍ കേരളത്തിലൂടെയും തുടര്‍ന്ന് തമിഴ്നാട്ടിലേക്കും കടക്കുന്ന രീതിയിലുമാണ് ക്രമീകരണമെന്നും റിപ്പോര്‍ട്ട് ചെയ്യുന്ന മനോരമയെ സമൂഹമാധ്യമങ്ങള്‍ തേച്ചൊട്ടിക്കുന്നുണ്ട്. ‘ഒരു കിലോമീറ്റര്‍ എന്നത് 1000 മീറ്ററാണ്. 1 മീറ്റര്‍ ഇടവിട്ട് ഒരാള്‍ എന്ന പോലെ നിന്നാല്‍ ഈ 765 കിലോമീറ്റര്‍ കവര്‍ ചെയ്യാന്‍ 765000 ( ഏഴു ലക്ഷത്തി അറുപത്തി അയ്യായിരം) പേര്‍ മതി. ഇനി തിക്കിതിരക്കി രണ്ടു പേര്‍ വീതം നിന്നാല്‍ പോലും ഏകദേശം15 ലക്ഷം പേര്‍ മതി.

പക്ഷേ ഈ രണ്ടു പേരുടെ കണക്കിട്ടു നോക്കിയാല്‍ പോലും വിളക്കുതെളിയിക്കാന്‍ ആളില്ലാതെ വന്ന പത്തിരുന്നൂറു കിലോമീറ്റര്‍ ദൂരത്തെ ഏതു കണക്കില്‍ പെടുത്തിയാല്‍ ഈ 21 ലക്ഷം എന്ന കണക്കില്‍ എത്താമെന്ന് മനോരമക്കാരനും ഒപ്പം ഇത് പൊക്കിപ്പിടിച്ചു നടക്കുന്ന സഘികളും പറഞ്ഞു തരണം’ തുടങ്ങിയ കുറിപ്പുകളും ട്രോളുകളും ഉള്‍പ്പടെ എടുത്തിട്ടാണ് ട്രോളുന്നത്. അന്തമില്ലാതെ കണക്ക് എഴുതി വിട്ടാല്‍ ജനം തിരിച്ചു ചോദിക്കുക തന്നെ ചെയ്യും എന്ന വാദങ്ങളും ഉയരുന്നുണ്ട്. തലയില്‍ മുണ്ടിട്ട് നടന്നോളൂ എന്നും പരിഹസിക്കുന്നുണ്ട്.

Exit mobile version