എന്തിനും ഒരു മര്യാദ വേണ്ടേ, മാനസിക രോഗി എന്ന വാക്ക് ഞാന്‍ എപ്പോള്‍ ഉപയോഗിച്ചു; മലയാള മനോരമയ്‌ക്കെതിരെ ക്ഷുപിതനായി മുഖ്യമന്ത്രി

താനൂര്‍: മലയാള മനോരമ വാര്‍ത്തയ്‌ക്കെതിരെ രോഷാകുലനായി മുഖ്യമന്ത്രി. കേരളം നേരിട്ട പ്രളയം മനുഷ്യ സൃഷ്ടിയെന്നു വാദിക്കുന്നത് മാനസിക രോഗമുള്ള ചിലരാണെന്ന് മുഖ്യമന്ത്രി പറഞ്ഞതായുള്ള വ്യാജ വാര്‍ത്തയ്‌ക്കെതിരെയാണ് പിണറായി വിജയന്‍ പൊട്ടിത്തെറിച്ചത്. മാനസിക രോഗികള്‍ എന്ന വാക്ക് മനോരമയ്ക്ക് എവിടുന്ന് കിട്ടിയെന്നും പ്രളയകാലത്ത് കേരളം കാണിച്ച ഐക്യം പ്രത്യേക മാനസികാവസ്ഥ ഉള്ളവര്‍ക്ക് രുചിച്ചില്ല എന്നാണ് താന്‍ പറഞ്ഞതെന്നും പിണറായി വ്യക്തമാക്കി.

വാര്‍ത്തയെ വളച്ചൊടിച്ച് മാധ്യമധര്‍മ്മത്തെ ഇല്ലായ്മ ചെയ്യുന്ന പ്രവൃത്തിയാണ് മനോരമ ചെയ്തത്. അതേസമയം മാനസിക രോഗമെന്ന വാക്കേ ഞാന്‍ ഉപയോഗിച്ചിട്ടില്ല. നിങ്ങള്‍ക്ക് ഇപ്പോഴുള്ള പ്രധാനജോലി ആ കള്ളങ്ങള്‍ സൃഷ്ടിച്ചുകൊടുക്കലാണെന്നും നിങ്ങളുടെ കൈയ്യില്‍ ക്യാമറയും ഉണ്ടല്ലോ. അതില്‍ ഞാന്‍ പറഞ്ഞ വാചകമുണ്ടാകുമല്ലോ. അതില്‍ അത്തരമൊരു വാചകമുണ്ടെങ്കില്‍ കാണിക്കൂ. ഏതിനുമൊരു മര്യാദവേണം എന്നും പിണറായി വിജയന്‍ ക്ഷുപിതനായി.അതേസമയം മാനസിക രോഗത്തിന്റെ ലക്ഷണം എന്താണെന്ന് നമുക്കറിയാമെന്നും ഞങ്ങളെ യുഡിഎഫ് എതിര്‍ക്കുന്നുണ്ട്. എന്നാല്‍ അതിന് വേണ്ടി അവര്‍ കള്ളങ്ങളൊന്നും പടച്ചുണ്ടാക്കുന്നുവെന്ന് തോന്നുന്നില്ലെന്നും എന്നാല്‍ നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കാര്യങ്ങള്‍ അവര്‍ ഏറ്റെടുക്കും എന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ഡിഎഫ് നിങ്ങളുടെ കണക്കുകൂട്ടലിനുമപ്പുറം പോകുന്നത് കാണുമ്പോള്‍ നിങ്ങള്‍ക്ക് കുറച്ച് വിഷമമുണ്ടാകുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. നിങ്ങള്‍ പടച്ചുണ്ടാക്കുന്ന കണക്കുകള്‍ക്കനുസരിച്ചല്ല കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുന്നത്. അത് നേരത്തെയും കണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version