‘ദാഹിച്ചപ്പോൾ ചായ കുടിച്ചതാണ്, യാത്രക്കാരുടെ ജീവൻ വച്ച് ബസ് ഓടിക്കാറില്ല’; കൈവിട്ട് കെഎസ്ആർടിസി ഓടിച്ച് വൈറലായ ഡ്രൈവറുടെ വാക്കുകൾ

കായംകുളം: കൈവിട്ട് വാഹനം ഓടിക്കുകയും ഇടയ്ക്ക് ബോട്ടിലിൽ നിന്നും വെള്ളം കുടിക്കുകയും ചെയ്ത് വൈറലായ ഡ്രൈവർ ക്ഷമാപണം നടത്തി രംഗത്ത്. താൻ യാത്രക്കാരുടെ ജീവൻ വച്ച് ബസ് ഓടിക്കാറില്ലെന്ന് കെഎസ്ആർടിസി ഡ്രൈവർ ലാൽ ബാബു പറയുന്നു.

ദാഹിച്ചപ്പോൾ ചായ കുടിച്ചതാണെന്നും ഒരു കൈ വാഹനത്തിന്റെ സ്റ്റിയറിങിൽ ഉണ്ടായിരുന്നെന്നുമാണ് സ്വകാര്യ ചാനലിനോട് ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ”കൈവിട്ട് ബസ് ഓടിച്ചെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. ഒരു കൈ സ്റ്റിയറിങിൽ ഉണ്ടായിരുന്നു. ദാഹിച്ചപ്പോൾ ചായ കുടിച്ചതാണ്. വർഷങ്ങളായി വാഹനം ഓടിക്കുന്നു. യാത്രക്കാരുടെ ജീവൻ വച്ച് ബസ് ഓടിക്കാറില്ല. ഇങ്ങനെയൊരു വീഡിയോ പ്രചരിക്കുന്ന വിവരവും സുഹൃത്ത് പറഞ്ഞാണ് അറിയുന്നത്.”-ലാൽ ബാബു പറഞ്ഞു.

ALSO READ- വായ്പാ തട്ടിപ്പ് കേസ്: അറ്റ്ലസ് രാമചന്ദ്രന്റേയും ഭാര്യയുടേയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

കായംകുളം ഡിപ്പോയിലെ ബസിലെ ഡ്രൈവറായ ലാൽ ബാബുവിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് വൈറലായത്. തിരക്കേറിയ റോഡിലൂടെ കൈവിട്ട് കെഎസ്ആർടിസി ബസ് ഓടിക്കുന്ന ഡ്രൈവറെന്ന നിലയിലാണ് വീഡിയോ പ്രചരിച്ചത്. ലാൽ ബാബു ചായ കുടിക്കുന്നതിന്റെ വീഡിയോ ബസിലെ യാത്രക്കാരാണ് പകർത്തി സോഷ്യൽമീഡിയയിലൂടെ പുറത്തുവിട്ടത്.

Exit mobile version