നഗരസഭ കൗൺസിലറുടെ കൊലപാതകം:വെട്ടേറ്റത് തലയിലും നെറ്റിക്കും,പ്രതി പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗൺസിലർ അബ്ദുൾ ജലീൽ കൊല്ലപ്പെട്ടു.ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ് അബ്ദുൾ ജലീലിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ആക്രമിച്ചത്.

പയ്യനാട് വെച്ചാണ് അബ്ദുൾ അബ്ദുൾ ജലീലിന് വെട്ടറ്റത്. പാർക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തർക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുൽ ജലീലടക്കമുള്ള മൂന്ന് പേർ കാറിലാണ് ഉണ്ടായിരുന്നത്. തർക്കത്തിന് പിന്നാലെ കാറിനെ പിന്തുടർന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെൽമറ്റ് ഏറിഞ്ഞ് കാറിൻറെ പിറകിലെ ചില്ല് ആദ്യം തകർത്തു. പിന്നാലെ കാറിൽ നിന്ന് പുറത്തിറങ്ങിയ അബ്ദുൾ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നു. തലക്കും നെറ്റിയിലുമാണ് ആഴത്തിൽ മുറിവേറ്റത്.

ഗുരുതരമായി പരിക്കേറ്റ അബദുൾ ജലീലിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുൾ ജലീൽ മഞ്ചേരി നഗരസഭയിലെ പതിനാറാം വാർഡ് മുസ്ലീം ലീഗ് കൗൺസിലറാണ്.

കേസിലെ പ്രതി അബ്ദുൽ മജീദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുൽ ജലീലിന്റെ വാഹനത്തെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചത്.അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഹർത്താൽ ആചരിക്കുക.

 

Exit mobile version