ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപ പുരസ്‌കാരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സഹായവുമായി കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു. ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ലക്ഷം രൂപയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക.

കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാര പദ്ധതി വഴിയാണ് ധനസഹായം നല്‍കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്തരമൊരു പദ്ധതി ആദ്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

‘മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ പുരസ്‌കാരം’ 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. രണ്ടര ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യമായാണെന്ന് മന്ത്രി ആര്‍ ബിന്ദു അറിയിച്ചു.

ഓരോ സര്‍വ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടിയിറങ്ങിയവര്‍ക്ക്, ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. 23ന് വൈകിട്ട് ആറുമണിക്ക് കേരള സര്‍വ്വകലാശാലാ സെനറ്റ് ഹാളിലാണ് ചടങ്ങ് നടക്കുന്നത്.

”സംസ്ഥാനത്തെ വിവിധ സര്‍വ്വകലാശാലകളില്‍ 2020-21 വിദ്യാഭ്യാസവര്‍ഷത്തില്‍ പഠിച്ചിറങ്ങിയ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള പ്രതിഭാധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ‘മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥിപ്രതിഭാ പുരസ്‌കാരം’ നല്‍കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുണമേന്മ നേടിയെടുക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാനകാല്‍വെയ്പ്പായ പുരസ്‌കാരം 23ന് ബുധനാഴ്ച വൈകിട്ട് ആറുമണിക്ക് കേരള സര്‍വ്വകലാശാലാ സെനറ്റ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കുമെന്ന് മന്ത്രി ബിന്ദു പറഞ്ഞു .”

”ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. വി കെ പ്രശാന്ത് എംഎല്‍എ, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി പി മഹാദേവന്‍ പിള്ള എന്നിവരുടെ സാന്നിധ്യത്തിലാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.”

”രണ്ടര ലക്ഷം രൂപയില്‍ കുറവ് വാര്‍ഷിക കുടുംബവരുമാനമുള്ള ആയിരം വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും നല്‍കുന്ന പദ്ധതി രാജ്യത്തുതന്നെ ആദ്യമായാണ്. ഓരോ സര്‍വ്വകലാശാലയിലും വിവിധ പഠന വിഷയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ ബിരുദം നേടിയിറങ്ങിയവര്‍ക്ക്, ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരം. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ ചരിത്രത്തിലെ സാമൂഹ്യനീതി ഇടപെടലുകളില്‍ നാഴികക്കല്ലാണ് ‘മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥിപ്രതിഭാ പുരസ്‌കാരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു’.”

Exit mobile version