‘ആണ്‍കുട്ടിയ്‌ക്കൊപ്പം പ്രത്യേകമായി ഫോട്ടോ എടുക്കരുത്, ലേഡീ ടീച്ചേര്‍സിന്റെ ഒപ്പമല്ലാതെ സഞ്ചരിക്കരുത്’: വിനോദ യാത്രയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ക്കുലര്‍ വിവാദത്തില്‍

കൊല്ലം: കൊല്ലം എസ്എന്‍ കോളേജിന്റെ വിനോദ യാത്രയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള വിചിത്ര സര്‍ക്കുലര്‍ വിവാദത്തില്‍. വിദ്യാര്‍ത്ഥിനികള്‍ക്ക് ബസിന്റെ മുന്‍ ഭാഗത്തായി പ്രത്യേകം സീറ്റ് ഒരുക്കിയിട്ടുണ്ടെന്നും ഈ സീറ്റില്‍ ആണ്‍കുട്ടികള്‍ ഇരിക്കരുത് എന്ന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലറാണ് പുറത്തിറക്കിയത്. ഇത്തരത്തില്‍ 11 നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ചര്‍ച്ചയായിരിക്കുകയാണ്.

പെണ്‍കുട്ടികള്‍ ലേഡീ ടീച്ചേര്‍സിന്റെ ഒപ്പമല്ലാതെ സഞ്ചരിക്കരുത്, ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും പ്രത്യേകമായി ഫോട്ടോ എടുക്കരുത്, വിദ്യാര്‍ത്ഥികള്‍ ഉയരം കൂടിയ ചെരുപ്പ് ധരിക്കരുത്, സഞ്ചാര സ്വാതന്ത്ര്യത്തിന് ഉതകുന്ന വസ്ത്രങ്ങള്‍ ധരിക്കണം തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

മൂന്നാം വര്‍ഷ ജേര്‍ണലിസം വിദ്യാര്‍ത്ഥികളുടെ ടൂറുമായി ബന്ധപ്പെട്ടാണ് നിയമാവലികള്‍. സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം സര്‍ക്കുലറിനെക്കുറിച്ച് അറിയില്ലെന്നാണ് കോളേജ് അധ്യാപകരുടെ പക്ഷം. ലെറ്റര്‍ പാഡോ, ഒപ്പോ സീലോ ഇല്ലാത്ത നിയമാവലി കോളേജിന്റേത് അല്ലെന്നാണ് വാദം.

Exit mobile version