കൂലിപ്പണി ചെയ്ത് തന്നെ പഠിപ്പിച്ച അച്ഛന് മകന്റെ സമ്മാനം; അമേരിക്കയിൽ പഠിക്കാൻ 2.5 കോടിയുടെ സ്‌കോളർഷിപ്പ് സ്വന്തമാക്കി ഈ മിടുക്കൻ

മകനെ കഷ്ടപ്പെട്ട് പഠിപ്പിച്ച ഈ അച്ഛന് അഭിമാനിക്കാം, കാരണം മകൻ സ്വന്തമാക്കിയിരിക്കുന്നത് അഭിമാന നേട്ടം തന്നെയാണ്. അമേരിക്കയിലെ പെൻസിൽവാനിയയിലെ കോളേജിൽ പഠിക്കാൻ 2.5 കോടി രൂപയുടെ സ്‌കോളർഷിപ്പ് സ്വന്തമാക്കിയിരിക്കുകയാണ് ദളിത് വിദ്യാർത്ഥിയായ ബിഹാറിലെ ഗോൺപുര ഗ്രാമത്തിലെ പ്രേം കുമാർ.

പ്രേം കുമാർ ഒരു കൂലിപ്പണിക്കാരന്റെ മകനാണ്. ലഫായെറ്റ് കോളേജിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിലും ഇന്റർനാഷണൽ അഫയേഴ്സിലും ബിരുദം സ്വന്തമാക്കാനാണ് പ്രേം കുമാർ ആഗ്രഹിക്കുന്നത്. ഗ്രാമത്തിലെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്ന ഡെക്സ്റ്ററിറ്റി ഗ്ലോബൽ ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പ്രേം കുമാർ സ്‌കോളർഷിപ്പ് നേടിയത്.

ലഫായെറ്റെയിലെ ഡയർ ഫെലോഷിപ്പിന് തിരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാർത്ഥികളിൽ ഒരാളാണ് പ്രേം. ലോകത്ത് ഒരു മാറ്റം കൊണ്ടുവരാനുള്ള കഴിവും പ്രചോദനവും ഉള്ള വിദ്യാർത്ഥികൾക്കാണ് ഫെലോഷിപ്പ് നൽകുന്നതെന്ന് യൂണിവേഴ്സിറ്റി അധികൃതർ പറഞ്ഞു.

ഡെക്സ്റ്ററിറ്റി ഗ്ലോബലിന്റെ സ്ഥാപകൻ ശരദ് വിവേക് സാഗർ തന്റെ ട്വിറ്റർ ഹാൻഡിലിൽ പ്രേം കുമാറിനെ പ്രശംസിച്ചതോടെയാണ് ഈ വിദ്യാർത്ഥി വൈറലായത്. പ്രേം കുമാറിന്റെ കുടുംബ പശ്ചാത്തലത്തെക്കുറിച്ചും സ്‌കോളർഷിപ്പിനെക്കുറിച്ചും അവൻ പഠിക്കാൻ പോകുന്ന കോളേജിനെക്കുറിച്ചും ശരദ് തന്നെയാണ് വെളിപ്പെടുത്തിയത്.

ALSO READ- അമ്പത് രൂപയുടെ സിനിമ ബിരിയാണി ആയാലും ഒന്നും മിണ്ടാതെ കഴിക്കുന്ന പാവം; വെറും നിലത്തിരുന്ന് ചോറുണ്ണുന്ന ലാളിത്യം; നൂറിനെ പിന്തുണച്ച് സംവിധായകൻ

പ്രേം കുമാറിനൊപ്പം നിൽക്കുന്ന ഒരു ഫോട്ടോയും ശരദ് പങ്കുവെച്ചിട്ടുണ്ട്. ”ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മഹാദളിത് വിദ്യാർത്ഥിയാണ് പ്രേം” എന്ന് ശരദ് പറയുന്നു. വിദേശത്ത് പഠിക്കാനുള്ള അവസരം ലഭിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് പ്രേം പറയുന്നു. ”ബിഹാറിലെ മഹാദളിത് കുട്ടികൾക്കായി പ്രവർത്തിക്കുന്ന ഡെക്സ്റ്ററിറ്റി ഗ്ലോബൽ ഓർഗനൈസേഷൻ പ്രശംസ അർഹിക്കുന്നുണ്ട്. അവർ കാരണമാണ് എനിക്ക് ഇന്ന് ഈ വിജയം ലഭിച്ചത്. ഞാൻ സന്തോഷവാനാണ്,” പ്രേം കൂട്ടിച്ചേർത്തു.

Exit mobile version