‘പൂമുഖ വാതിക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂത്തിങ്കളാകുന്ന ഭാര്യ ആവാനാണ് ആഗ്രഹിച്ചത്’: പ്രതീക്ഷിക്കാതെയാണ് എല്ലായിടത്തും എത്തിയത്; ഭാഗ്യലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്ന ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെയെല്ലാം ശബ്ദവും ഭാഗ്യലക്ഷ്മിയുടേതായിരുന്നു. നാലായിരത്തോളം സിനിമകള്‍ക്ക് ശബ്ദം കൊടുത്തിട്ടുള്ള താരം ഉര്‍വശി, ശോഭന, രേവതി, എന്നിങ്ങനെ ഒട്ടുമിക്ക നടിമാരുടെയും ശബ്ദമായി മാറിയിരുന്നു.

1978ല്‍ ജെ വില്യംസിന്റെ ‘മദാലസ’യിലും 1980ല്‍ ഭരതന്റെ ‘ചാമര’ത്തിലും ഭാഗ്യലക്ഷ്മി അഭിനയിച്ചു. തുടര്‍ന്ന് 1980ല്‍ ‘സൂര്യദാഹ’ത്തിലും 81ല്‍ ‘മനസ്സിന്റെ തീര്‍ത്ഥയാത്ര’യിലും ദേവന്റെ നായികയായും 82ല്‍ ‘തായമ്പക’യില്‍ മുകേഷിന്റെ നായികയായും അഭിനയിച്ചെങ്കിലും തന്റെ തന്നെ താല്പര്യക്കുറവുകൊണ്ട് അഭിനയം ഉപേക്ഷിച്ച് ഡബ്ബിങ്ങ് മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ബിഗ്ബോസ് മലയാളം സീസണ്‍ മൂന്ന് മത്സരാര്‍ത്ഥിയായും താരമെത്തിയിരുന്നു.

നടി സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍
തന്റ സ്വപ്‌നങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെയാണ് ഞാന്‍ എല്ലായിടത്തും എത്തിപ്പെട്ടത്. പ്രതീക്ഷിച്ച സ്ഥലത്ത് എത്താനൊട്ട് പറ്റിയതുമില്ല. നല്ലൊരു ഭാര്യയും കുടുംബിനിയുമാവാനാണ് ഞാന്‍ ആഗ്രഹിച്ചത്.

വീട്ടുജോലിയും ഭര്‍ത്താവിന്റെയും മക്കളുടെയും കാര്യങ്ങളൊക്കെ ചെയ്ത് ജീവിക്കാനാണ് ആഗ്രഹിച്ചത്. ‘പൂമുഖ വാതിക്കല്‍ സ്നേഹം വിടര്‍ത്തുന്ന പൂത്തിങ്കള്‍ പോലത്തെ ഭാര്യ ആവാനാണ് ആഗ്രഹിച്ചതും. പതിനേഴ് വയസിലെ ചിന്ത അതായിരുന്നെങ്കില്‍ മുപ്പത് വയസ് ആയപ്പോള്‍ അത് മാറി. ഇക്കാര്യം തന്നെ ഞാന്‍ ഒത്തിരി സ്ഥലങ്ങളില്‍ പറഞ്ഞു കഴിഞ്ഞു.

പത്ത് വയസുള്ളപ്പോഴാണ് ഡബ്ബിംഗിന് വരുന്നത്. ആദ്യമായി തനിക്ക് പ്രതിഫലം തന്നത് പ്രേം നസീര്‍ സാറാണ്. നസീര്‍ സാറിനെ കണ്ടതിന്റെ ആകാംഷ അന്നുണ്ടെങ്കിലും മറ്റൊന്നും അന്ന് തോന്നിയിരുന്നില്ല. ഇന്നത്തെ പോലെയല്ല അന്ന്. തനിക്ക് ലഭിച്ചത് എന്തായാലും മികച്ചൊരു കൈനീട്ടം തന്നെയായിരുന്നു എന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്. അവിടുന്നിങ്ങോട്ട് കുറേ വര്‍ഷങ്ങള്‍ വിഷുവിന് കൈനീട്ടം തന്നിരുന്നത് നസീര്‍ സാറാണ്. അദ്ദേഹം അന്നൊക്കെ ഡബ്ബിങ്ങിന് വേണ്ടി സ്റ്റുഡിയോയില്‍ ഉണ്ടാവുമായിരുന്നു. അവിടെയുള്ള എല്ലാവര്‍ക്കും പുള്ളി കൊടുക്കുമായിരുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Exit mobile version