വിദ്യാര്‍ഥികളുടെ പരീക്ഷാ ഫീസ് അടയ്ക്കാന്‍ വച്ച തുക കള്ളന്‍ കൊണ്ടുപോയി: സ്വന്തമായി അടച്ച് അധ്യാപകര്‍

അന്നമനട: കുട്ടികളുടെ പരീക്ഷാ ഫീസ് അടയ്ക്കാന്‍ വെച്ച തുക കള്ളന്‍ കൊണ്ടുപോയി, ഫീസ് സ്വന്തം ചെലവില്‍ അടച്ച് അധ്യാപകര്‍. മാമ്പ്ര യൂണിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

ഫീസ് അടയ്ക്കാന്‍ ഓഫീസില്‍ സൂക്ഷിച്ച 89,000 രൂപയാണ് മോഷണം പോയത്.
ഓഫീസ് മുറിയിലെ അലമാരയിലായിരുന്നു പണം. ഓഫീസിന്റെ വാതിലിന്റെ രണ്ട് താഴും നീക്കം ചെയ്തിട്ടുണ്ട്. പണം സൂക്ഷിച്ച അലമാര തുറന്ന നിലയിലുമായിരുന്നു.
Read Also: സുഭദ്രാമ്മയുടെ കണ്ണീരൊപ്പിയ ‘ദേവി’ മോഹനന്‍ വൈദ്യരുടെ ഭാര്യ: സ്വര്‍ണ്ണ വളകള്‍ ഊരി നല്‍കിയത് വലിയ കാര്യമല്ലെന്ന് ശ്രീലത
തിങ്കളാഴ്ചയാണ് പരീക്ഷാഫീസ് അടയ്ക്കേണ്ട അവസാന തീയതി. വിദ്യാര്‍ഥികളും അധ്യാപകരും ആശങ്കയിലായെങ്കിലും അധ്യാപകര്‍ സ്വന്തം നിലയില്‍ ശേഖരിച്ച പണം ട്രഷറിയില്‍ അടച്ചു.

എല്‍പി സ്‌കൂളിലും കവര്‍ച്ചാശ്രമം നടന്നിട്ടുണ്ട്. താഴ് തകര്‍ക്കുകയും അലമാരയിലെ വസ്തുക്കള്‍ വലിച്ച് താഴെയിടുകയും ചെയ്ത നിലയിലായിരുന്നു. തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് കൊരട്ടി പോലീസില്‍ അറിയിച്ചു.

ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മണം പിടിച്ച പോലീസ് നായ റോഡ് വഴി മോഷണംശ്രമം നടന്ന പ്രൈമറി സ്‌കൂളിലെത്തിയ ശേഷം മാമ്പ്രയിലെ പെട്രോള്‍ പമ്പിനു സമീപം നിന്നു. വിരലടയാള വിദഗ്ധരും പരിശോധിച്ചു.

Exit mobile version