ഭക്ഷണം അസ്വസ്ഥതയുണ്ടാക്കി; വനംവകുപ്പ് പരിപാലിച്ചിരുന്ന പുലിക്കുഞ്ഞ് ചത്തു; നഷ്ടമായത് അമ്മ ഉപേക്ഷിച്ചതോടെ വനം വകുപ്പ് ഏറ്റെടുത്ത പുലിക്കുഞ്ഞിന്റെ ജീവൻ

പാലക്കാട്: റെയിൽവേ കോളനിക്ക് സമീപം ഉമ്മിനിയിൽ പഴയ കെട്ടിടത്തിനുള്ളിൽ നിന്നും കണ്ടെടുത്ത പുലിക്കുഞ്ഞ് ചത്തു. തള്ളപ്പുലി ഉപേക്ഷിച്ച് പോയതെന്ന് കരുതി വനംവകുപ്പ് ഏറ്റെടുത്ത രണ്ട് പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ പുലി തന്നെ തിരിച്ചെത്തി കൊണ്ടുപോയിരുന്നു. ഇതോടെ ഉപേക്ഷിക്കപ്പെട്ട ഈ പുലിക്കുഞ്ഞ് തൃശൂർ അകമലയിൽ വനം വകുപ്പിന്റെ പരിചരണത്തിലായിരുന്നു. പുലിക്കുഞ്ഞിന് രണ്ട് മാസം പ്രായമാകുന്നതിനിടെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്.

അകമലയിൽ വനപാലകരുടെ പരിചരണത്തിൽ ആരോഗ്യം വീണ്ടെടുത്ത പുലിക്കുഞ്ഞിന് നഖവും പല്ലുകളും കൂർത്തുവരാനും വളർച്ചയുടെ ലക്ഷണങ്ങളും കാണിച്ചിരുന്നു. എന്നാൽ ഭക്ഷണമാണ് പുലിക്കുഞ്ഞിന്റെ ജീവൻ അപഹരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവശനിലയിലായിരുന്നു. ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ വനപാലകർ നടത്തുന്നുണ്ടായിരുന്നെങ്കിലും ഞായറാഴ്ച ഉച്ചയ്ക്ക് 2:45 ഓടെ മരണം സംഭവിക്കുകയായിരുന്നു.

ആൾത്താമസമില്ലാത്ത പഴയ കെട്ടിടത്തിനുള്ളിൽ നിന്നും കണ്ടെത്തിയ രണ്ട് പുലിക്കുഞ്ഞുങ്ങളിൽ ഒന്നിനെ 52 ദിവസം മുമ്പായിരുന്നു അകമലയിലെ വനം വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ചത്. മലബന്ധമുണ്ടായിരുന്നതിനാൽ പാൽ ഉൾപ്പെടെ ഒരു ഭക്ഷണവും കഴിച്ചിരുന്നില്ല. പോസ്റ്റ്‌മോർട്ടം തിങ്കളാഴ്ച മണ്ണുത്തിയിലെ വെറ്ററിനറി സർവകലാശാലയിൽ നടന്നു.

അകമലയിൽ വെറ്ററിനറി ഓഫീസർ ഡോ. ഡേവിഡ് അബ്രഹാമിന്റെ മേൽനോട്ടത്തിലായിരുന്നു പുലിക്കുഞ്ഞിനെ പരിചരിച്ചിരുന്നത്. പുലിക്കുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ച് തുടക്കം മുതലേ വനം വകുപ്പിന്റെ ഭാഗത്ത് നിന്നും അവ്യക്തതയുണ്ടായിരുന്നു. തള്ളപ്പുലിക്ക് കൊണ്ടുപോകാനായി പുലിക്കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് തന്നെ തിരികെകൊണ്ടുവിടണമെന്ന് ഒരുകൂട്ടർ വാദിച്ചിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ വനം വകുപ്പിന് താത്പര്യമില്ലായിരുന്നു കൂടാതെ ഇതിനെതിരെ പ്രാദേശികമായി എതിർപ്പും ഉയർന്നിരുന്നു.

also read- ‘ജംഷാദ് എന്നെ ഇങ്ങനെ തോണ്ടി വിളിക്കുന്ന്, മെഹ്നു ഉണ്ട് എന്ന ധൈര്യത്തിലാണ് ഞാൻ ഉറങ്ങുന്നത്’; റിഫയുടെ മരണത്തിൽ ട്വിസ്റ്റായി ശബ്ദസന്ദേശം പുറത്ത്

ജനുവരിയിലാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. അന്ന് നാല് ദിവസം മാത്രമായിരുന്നു പ്രായം. ഇതിനിടെ ഒറ്റയ്ക്കായ പുലിക്കുഞ്ഞുങ്ങളെ തള്ളപ്പുലിയോടൊപ്പം വിടാനുള്ള ശ്രമങ്ങൾ വനം വകുപ്പ് നടത്തിയിരുന്നെങ്കിലും ഇവയിൽ ഒന്നിനെ തള്ളപ്പുലി കൂടെ കൊണ്ടുപോയത്. രണ്ടാമത്തേതിനെ കൊണ്ടുപോകാൻ പുലി എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും പിന്നീട് തള്ളപ്പുലി വന്നില്ല.

also read- തിരിച്ചടി, ഭർത്താവിനെ കൊലപ്പെടുത്തിയ നിമിഷപ്രിയയുടെ വധശിക്ഷ ശരിവെച്ച് യെമൻ കോടതി; ഇനി പ്രതീക്ഷ ദയാധനത്തിൽ മാത്രം

ഇതോടെ വൈൽഡ് ലൈഫ് വാർഡന്റെ നിർദേശപ്രകാരം അകമലയിലേക്ക് കൊണ്ടുവരികയായിരുന്നു. ക്ലിനിക്കിൽ എത്തിച്ച ശേഷം തുടക്കത്തിൽ പാലാണ് കൊടുത്തിരുന്നത്. പിന്നീട് 50 ദിവസം ആയപ്പോൾ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയായിരുന്നു. ഇതാണ് മലബന്ധത്തിന് കാരണമായത്. തുടർന്ന് മരുന്ന് നൽകി ഭേദമാക്കിയെങ്കിലും ഭക്ഷണം കഴിക്കാതെയായി അവശതയിലേക്ക് വീഴുകയായിരുന്നു. പാലും ചിക്കൻ സൂപ്പുമാണ് ഭക്ഷണമായി നൽകിയിരുന്നത്.

Exit mobile version