മരണത്തിന് കാരണമായ ബോംബേറ് നടത്തിയത് ജിഷ്ണുവിന്റെ സംഘാംഗം; അബദ്ധത്തിൽ ബോംബ് തലയിൽ വീണതെന്ന് സംശയം; കസ്റ്റഡിയിലായവരും പരിക്കേറ്റവരും കൂട്ടുകാർ

കണ്ണൂർ: കണ്ണൂരിലെ കല്യാണവീട്ടിലെ തർക്കത്തെ തുടർന്നുണ്ടായ പകയിൽ ബോംബെറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവായി പോലീസ് കണ്ടെത്തൽ. മരിച്ച ജിഷ്ണുവിന്റെ മരണത്തിന് കാരണമായ ബോംബ് എറിഞ്ഞത് ഏച്ചൂരിൽ നിന്ന് എത്തിയ ജിഷ്ണുവിന്റെ സംഘാംഗം തന്നെയെന്ന് സ്ഥിരീകരിച്ചു. ഇവരുടെ സംഘാംഗം ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയിൽ പതിക്കുകയായിരുന്നു. ബോംബെറിൽ ജിഷ്ണു തൽക്ഷണം മരിച്ചു. ജിഷ്ണുവിന്റെ രണ്ട് സുഹൃത്തുക്കൾക്ക് പരുക്കേറ്റു. ഇവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം പത്തിലേറെ വരുന്ന പ്രതികൾക്കായി പോലീസ് വ്യാപകമായ അന്വേഷണം തുടങ്ങി. തോട്ടടയിലെ കല്യാണ വീട്ടിൽ കഴിഞ്ഞദിവസം രാത്രിയുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്നാണ് സൂചന. പാട്ടുവെയ്ക്കുന്നതിനെ ചൊല്ലി ഏച്ചൂരിൽ നിന്നെത്തിയ ജിഷ്ണു ഉൾപ്പെട്ട സംഘവും കല്യാണവീടിന് അടുത്തുള്ള സംഘവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിന്റെ പകയിലാണ് ഇന്ന് ഉച്ചയോടെ കല്യാണം കഴിഞ്ഞ് വരനും വധുവും വീട്ടിലെത്തുന്നതിനിടെ വീണ്ടും സംഘർഷമുണ്ടായത്.

ALSO READ- വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രം, മലപ്പുറത്ത് കാണാതായ നവവധുവിന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി, സ്‌കൂട്ടറും ചെരിപ്പും പുഴക്കരയിൽ

ഉച്ചയ്ക്ക് 2.30യോടെയാണ് ബോംബേറുണ്ടായത്. മരിച്ച ജിഷ്ണുവിന്റെ മൃതദേഹം നീക്കം ചെയ്യാൻ വൈകിയെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്ത് പ്രതിഷേധിച്ചു. ഇത് നേരിയ വാക്ക് തർക്കത്തിന് കാരണമായി. ബോംബെറിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ജിഷ്ണുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Exit mobile version