വീട്ടിലെ ഭക്ഷണം ഒഴിവാക്കിയതോടെ ക്ഷീണവും മാറി: യുവാവിന്റെ സംശയം കുടുക്കിയത് ഭക്ഷണത്തില്‍ സ്ഥിരമായി മരുന്ന് കലര്‍ത്തുന്ന ഭാര്യയെ; പാലാ സ്വദേശിനി അറസ്റ്റില്‍

പാല: ഭര്‍ത്താവിന് പതിവായി ഭക്ഷണത്തില്‍ മരുന്ന് കലര്‍ത്തി നല്‍കി അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യ അറസ്റ്റില്‍. പാലാ മീനച്ചില്‍ പാലക്കാട് സതീമന്ദിരം വീട്ടില്‍ ആശാ സുരേഷ് ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വദേശിയായ സതീഷിന്റെ പരാതിയിലാണ് അറസ്റ്റ്. ഒരുമാസം തുടര്‍ച്ചയായി പുറത്തുനിന്നുള്ള ഭക്ഷണം കഴിച്ചപ്പോള്‍ പതിവായി തോന്നുന്ന ശാരീരിക ബുദ്ധിമുട്ടൊന്നും തോന്നാതിരുന്നതാണ് സതീഷില്‍ സംശയമുണ്ടാക്കിയത്.

അതേസമയം, അന്വേഷണം നടത്തിയ പാലാ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 2006ലാണ് തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശിയായ യുവതിയെ വിവാഹം കഴിക്കുന്നത്. അതിനുശേഷം 2008ല്‍ യുവാവ് മുരിക്കുംപുഴയിലുള്ള ഭാര്യ വീട്ടില്‍ താമസമാക്കുകയും സ്വന്തമായി പ്രമുഖ ഐസ്‌ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷന്‍ ആരംഭിക്കുകയും ചെയ്തു.

2012ല്‍ ഇവര്‍ പാലക്കാട്ട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് താമസം മാറുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞു കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞത് മുതല്‍ ഭാര്യ നിസാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്നത് പതിവായിരുന്നെന്നും യുവാവ് പറയുന്നു.

എന്നാല്‍ യുവാവിന് തുടര്‍ച്ചയായി ക്ഷീണം അനുഭവപ്പെട്ടിരുന്നു. ഡോക്ടറെ കണ്ട്
ഷുഗറിനുള്ള മരുന്ന് കഴിച്ചുതുടങ്ങിയെങ്കിലും കുറവുണ്ടായില്ല. എന്നാല്‍ 2021 സെപ്റ്റംബര്‍ മാസത്തില്‍ 20 ദിവസത്തോളം വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ പുറത്തു നിന്ന് കഴിച്ചപ്പോള്‍ ക്ഷീണം ഒന്നും തോന്നിയില്ല. ഈ സംശയം ആണ് ഈ കേസിലേക്ക് വഴിത്തിരിവായത്.

യുവാവ് ഭാര്യയുടെ കൂട്ടുകാരിയായ യുവതിയോട് ഇതിനെക്കുറിച്ച് സംസാരിക്കുകയും ഭാര്യയോട് എന്തെങ്കിലും മരുന്ന് തനിക്ക് തരുന്നുണ്ടോ എന്ന് ചോദിച്ചറിയണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് കൂട്ടുകാരി ഭാര്യയോട് തിരക്കിയപ്പോഴാണ് 2015 മുതല്‍ ഭര്‍ത്താവിന് മാനസികരോഗത്തിനുള്ള മരുന്ന് ദിവസവും ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കുന്നതായി പറയുകയായിരുന്നു. മരുന്നിന്റെ ഫോട്ടോ കൂട്ടുകാരിക്ക് ഭാര്യ വാട്സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവ് സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.

Read Also: കാത്തിരിപ്പ് വിഫലം! ചോട്ടു ഇനി വരില്ല, ജഡം പൊട്ടക്കിണറ്റില്‍ കണ്ടെത്തി; പോസ്റ്റ്‌മോര്‍ട്ടം നടത്തും, കണ്ണീരോടെ നാട്

ജില്ലാ പോലീസ് മേധാവി പരാതി പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് അയച്ചു കൊടുക്കുകയും പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി പരാതി അന്വേഷിച്ച പോലീസിന് കാര്യങ്ങള്‍ ബോധ്യപ്പെടുകയും ഭാര്യക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് വീട് റെയ്ഡ് ചെയ്ത് മരുന്ന് പിടിച്ചെടുക്കുകയും ചെയ്തു.

തുടര്‍ന്ന് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം പാലാ ഡി.വൈ.എസ്.പി.ഷാജു ജോസിന്റെ നേതൃത്വത്തില്‍ പാലാ എസ് എച്ച് ഒ.കെ.പി.ടോംസണ്‍, എസ്.എ.അഭിലാഷ് എം.ഡി, എ.എസ്.എ ജോജന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുമേഷ്, വനിതാ പോലിസ് ബിനുമോള്‍, ലക്ഷ്മി രമ്യ തുടങ്ങിയവര്‍ ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

Exit mobile version