ഇനി സപ്ലൈകോ ഉത്പന്നങ്ങൾ ഹോം ഡെലിവറിയായി കണ്ണൂർ കോർപ്പറേഷനിലും; ‘സപ്ലൈ കേരള’ കണ്ണൂരിൽ മന്ത്രി ജിആർ അനിൽ ഉദ്ഘാടനം ചെയ്തു

supplyco_

കണ്ണൂർ: സംസ്ഥാന സർക്കാർ സപ്ലൈകോയിൽ നടപ്പാക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെയുള്ള ഓൺലൈൻ വിൽപനയും ഹോം ഡെലിവറിയും കണ്ണൂർ കോർപ്പറേഷനിലും. ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തി കണ്ണൂർ കോർപ്പറേഷനിൽ നടപ്പാക്കുന്ന പദ്ധതി ഭക്ഷ്യ പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി അഡ്വ.ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. താവക്കര പോലീസ് സഭാ ഹാളിൽ നടന്ന ചടങ്ങിൽ എംഎൽഎ കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.

കണ്ണൂർ മേയർ അഡ്വ. ടിഒ മോഹനൻ ഓൺലൈൻ വിൽപനയുടെ ആദ്യ ഓർഡർ നിർവഹിച്ചു. ചടങ്ങിൽ സപ്ലൈകോ കോഴിക്കോട് റീജിയണൽ മാനേജർ എൻ രഘുനാഥ് സ്വാഗതവും, ജില്ലാ സപ്ലൈ ഓഫീസർ കെ അജിത് കുമാർ നന്ദിയും, കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ആശംസയും അറിയിച്ചു. കണ്ണൂർ കോർപ്പറേഷനിലെ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

‘സപ്ലൈ കേരള’ ആപ്പ് വഴി സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്നും ഓൺലൈനായി ഓർഡർ ചെയ്യുന്ന ഉത്പന്നങ്ങൾ ഹോം ഡെലിവറിയായി വീട്ടിലെത്തിച്ച് നൽകുന്നതാണ് പദ്ധതി. കണ്ണൂർ കോർപ്പറേഷന്റെ പത്ത് കിലോമീറ്റർ ചുറ്റളവിലാണ് സപ്ലൈകോ പരീക്ഷണാടിസ്ഥാനത്തിൽ സേവനം ലഭ്യമാക്കിയിരിക്കുന്നത്. സപ്ലൈകോ വിൽപനശാലകളിലെ എല്ലാ നിത്യോപയോഗ സാധനങ്ങളും ഹോം ഡെലിവറി വഴി ഉപഭോക്താക്കൾക്ക് എത്തിക്കുക എന്നതാണ് ‘സപ്ലൈ കേരള’ സംരംഭം വഴി ലക്ഷ്യമിടുന്നത്. നിലവിൽ കോർപറേഷൻ പരിധിയിൽ ആണ് നടപ്പിലാക്കുന്നതെങ്കിലും മാർച്ച് അവസാനത്തോടെ സംസ്ഥാനത്തെ സപ്ലൈകോയുടെ എല്ലാ ഔട്ട് ലെറ്റുകളിലും പദ്ധതി നടപ്പിലാക്കും

‘സപ്ലൈ കേരള’ എന്ന ആപ്പിലൂടെ തൊട്ടടുത്ത സപ്ലൈകോ ഔട്ട്‌ലെറ്റിൽ നിന്നും ഉപഭോക്താക്കൾക്ക് ഉത്പന്നങ്ങൾ ഓർഡർ ചെയ്യാം. ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഡിസംബർ 11ന് തൃശ്ശൂരിലാണ് സപ്ലൈകോ ഓൺലൈൻ വിൽപനയുടെയും ഹോം ഡെലിവറിയുടെയും സംസ്ഥാനത്തെ ആദ്യഘട്ടം ആരംഭിച്ചത്. തുടർന്ന് കോഴിക്കോടും തിരുവനന്തപുരത്തും കൊല്ലത്തും പദ്ധതിക്ക് തുടക്കം കുറിച്ചു.

ഓൺലൈൻ വിൽപ്പനയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സപ്ലൈ കേരള മൊബൈൽ ആപ്പ് വഴി ഓർഡർ ചെയ്യുമ്പോൾ ബ്രാന്റഡ് ഉൽപന്നങ്ങൾക്ക് എംആർപിയിൽ നിന്നും 5 ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവ് ഉണ്ടാകുന്നതാണ്. ഇത് കൂടാതെ ഏതൊരു ഓൺലൈൻ ബില്ലിനും അഞ്ച് ശതമാനം കിഴിവും സപ്ലൈകോ ഉറപ്പ് നൽകുന്നു. ഓരോ ആയിരം രൂപ അല്ലെങ്കിൽ അതിന് മേൽ വരുന്ന ബില്ലിന് കിഴിവിനൊപ്പം ഒരു കിലോ ചക്കി ഫ്രഷ് ഹോൾ വീറ്റ് ആട്ടയും ഓരോ രണ്ടായിരം അല്ലെങ്കിൽ അതിന് മേൽ വരുന്ന ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം 250 ഗ്രാം ശബരി ഗോൾഡ് തേയിലയും ഓരോ അയ്യായിരം രൂപ അല്ലെങ്കിൽ അതിന് മേൽ വരുന്ന ബില്ലിന് അഞ്ച് ശതമാനം കിഴിവിനൊപ്പം ശബരി വെളിച്ചെണ്ണയുടെ ഒരു ലിറ്ററിന്റെ പൗച്ചും സപ്ലൈകോ സൗജന്യമായി നൽകുന്നതായിരിക്കും.

ഓൺലൈൻ വിൽപനയോടൊപ്പം തന്നെ സപ്ലൈകോയുടെ സെൽഫി എടുക്കൂ സമ്മാനം നേടൂ മത്സരവും ആരംഭിച്ചിട്ടുണ്ട്. മന്ത്രി അഡ്വ. ജിആർ അനിലാണ് മത്സരം ഉദ്ഘാടനം ചെയ്തത്. മാർച്ച് 31 വരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള സമയം. സപ്ലൈകോ ജീവനക്കാരൊഴികെ ആർക്കും മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളുമുണ്ട്.

മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത്:

1. അടുത്തുള്ള സപ്ലൈകോ സ്റ്റോറിൽ നിന്നോ സപ്ലൈകേരള ആപ്പ് വഴിയോ ഏതെങ്കിലും ഒരു ശബരി ഉത്പന്നം വാങ്ങുക. (ബിൽ കൈവശം വയ്ക്കാൻ ശ്രദ്ധിക്കണം).
2. വാങ്ങിയ ഉത്പന്നത്തിനൊപ്പമുള്ള സെൽഫി എടുക്കുക.
3. ഉത്പന്നവും മത്സരത്തിൽ പങ്കെടുക്കുന്നയാളുടെ മുഖവും സെൽഫിയിൽ കൃത്യമായി പതിഞ്ഞിരിക്കണം.
4. പകർത്തിയ ചിത്രം എഡിറ്റ് ചെയ്യാതെ തന്നെ സപ്ലൈകോയുടെ ഫേസ്ബുക്ക് മെസഞ്ചർ വഴി അയയ്ക്കുക.
5. ചിത്രം സപ്ലൈകോയുടെ ഔദ്യോഗിക എഫ്ബി പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
6. പങ്കെടുക്കുന്നവർ സപ്ലൈകോ പോസ്റ്റ് ചെയ്തിരിക്കുന്ന തങ്ങളുടെ ചിത്രം സ്വന്തം അക്കൗണ്ട് വഴി ഷെയർ ചെയ്യണം.
7. നിശ്ചിത സമയത്തിൽ ഏറ്റവും കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന ചിത്രത്തിനായിരിക്കും ആകർഷകമായ സമ്മാനങ്ങൾ.

സമ്മാനങ്ങൾ :

1. ഒന്നാം സമ്മാനം അയ്യായിരം രൂപ
2. രണ്ടാ സമ്മാനം മൂവായിരം രൂപ
(ബില്ല് കൈവശം ഇല്ലാത്തവരെ സമ്മാനത്തിനായി പരിഗണിക്കുകയില്ല)

നിബന്ധനകൾ

1. മൊബൈൽ ഫോണിൽ എടുക്കുന്ന ചിത്രങ്ങൾ മാത്രമേ മത്സരത്തിനായി പരിഗണിക്കുകയുള്ളൂ.
2. എഡിറ്റ് ചെയ്ത ചിത്രങ്ങൾ സ്വീകരിക്കുന്നതല്ല.
3. സപ്ലൈകോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാകും മത്സരം നടക്കുക.
4. 2022 ജനുവരി 11 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലാണ് ചിത്രങ്ങൾ അയയ്ക്കേണ്ടത്.
5. യോഗ്യതയുള്ള ചിത്രങ്ങൾ സപ്ലൈകോയുടെ ഔദ്യോഗിക എഫ്ബി പേജിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
6. ഓരോ ചിത്രത്തിനും ലഭിക്കുന്ന ലൈക്കുകളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും വിധിനിർണയം. സപ്ലൈകോയുടെ ഫേസ്ബുക്ക് പേജിലൂടെ മുകളിൽ പറഞ്ഞിരിക്കുന്ന സമയ പരിധിയ്ക്കുള്ളിൽ ലഭിക്കുന്ന ലൈക്കുകൾ മാത്രമാണ് കണക്കാക്കുക. (മത്സരാർഥിയുടെ ഫേസ്ബുക്ക് ടൈംലൈനിൽ അല്ല.)
7. മത്സരത്തിൽ പങ്കെടുക്കുന്നവർ സപ്ലൈകോ പോസ്റ്റ് ചെയ്തിരിക്കുന്ന തങ്ങളുടെ ചിത്രം ഷെയർ ചെയ്ത് പരമാവധി ലൈക്കും ഷെയറും ഉറപ്പ് വരുത്തണം.
8. മത്സരാർഥികൾ സപ്ലൈകോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും ഫോളോ ചെയ്യുകയും ചെയ്തിരിക്കണം.
9. പങ്കെടുക്കുന്നവർ മത്സരം കഴിയുന്നതുവരെ വാങ്ങിയ ഉത്പന്നത്തിനൊപ്പമുള്ള ബില്ല് സൂക്ഷിക്കേണ്ടതുണ്ട്.
10. സപ്ലൈകോ ജീവനക്കാർക്ക് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുന്നതല്ല.
11. 2022 മാർച്ച് 31 ന് ശേഷം ഒരു എൻട്രികളും സ്വീകരിക്കുകയില്ല. ഇതേ ദിവസം 4 മണിക്ക് ശേഷമുള്ള എൻട്രികളും സ്വീകാര്യമല്ല.

Also Read-സപ്ലൈകോ ഹോം ഡെലിവറി സിസ്റ്റം ‘സപ്ലൈ കേരള’ ഇനി തിരുവനന്തപുരം- കൊല്ലം കോർപ്പറേഷനുകളിലും; ഉദ്ഘാടകരായി മന്ത്രിമാരായ ജിആർ അനിലും ചിഞ്ചു റാണിയും

Exit mobile version