കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ; നീതു എത്തിയത് ഡോക്ടറുടെ വേഷത്തിൽ; പരിചയം ടിക് ടോക്കിലൂടെ

കോട്ടയം: ഇന്നലെ വൈകുന്നേരത്തോടെ കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയതിന് അറസ്റ്റിലായ നീതുവിന്റെ പ്രവർത്തികൾ വിചിത്രം. യുവതി കുട്ടിയെ കടത്താനായി ആശുപത്രിയിൽ എത്തിയത് ഡോക്ടറുടെ വേഷത്തിൽ. സ്റ്റെതസ്‌കോപ്പ് ഉൾപ്പെടെ കൈയ്യിൽ കരുതുകയും ചികിത്സാ രേഖകൾ വിശദമായി നോക്കി ഡോക്ടറാണെന്ന് കുടുംബത്തെ വിശ്വസിപ്പിച്ചാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയത്.

തന്നെ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച ഇബ്രാഹിം ബാദുഷ എന്ന സുഹൃത്തിനെ ബ്ലാക്ക്‌മെയിൽ ചെയ്യാനായിരുന്നു നീതുവിന്റെ നീക്കമെന്ന് പോലീസ് കണ്ടെത്തി. നേരത്തെ വിവാഹ വാഗ്ദാനം നൽകി നീതുവിൽ നിന്നും 30 ലക്ഷം രൂപയും സ്വർണവും ബാദുഷ തട്ടിയെടുത്തിരുന്നു. ഇത് തിരികെ വാങ്ങിയെടുക്കാനാണ് നീതു അപകടകരമായ കുഞ്ഞിനെ തട്ടിക്കൊണ്ടു പോകൽ പദ്ധതിയിട്ടത്.

ഒന്നര വർഷം മുമ്പ് ടിക്‌ടോകിലൂടെയാണ് നീതുവും ഇബ്രാഹിമും പരിചയപ്പെട്ടത്. വിവാഹമോചിതയാണെന്നാണ് നീതു ഇബ്രാഹിമിനോട് പറഞ്ഞിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാർക്കും നീതുവിനെ പരിചയപ്പെടുത്തിയിരുന്നു. ഇതിനിടെ നീതു ഗർഭിണിയായി. ഇക്കാര്യം ഭർത്താവിനും ഇബ്രാഹിമിനും അറിയാമായിരുന്നു. പിന്നീട് ഗർഭം അലസിയ വിവരം ഭർത്താവിനെയും വീട്ടുകാരെയും അറിയിച്ചെങ്കിലും ഇബ്രാഹിമിൽ നിന്നും ഇത് മറച്ചുവെക്കുകയുമായിരുന്നു. വിവരം അറിഞ്ഞാൽ ഇബ്രാഹിം ബന്ധത്തിൽ നിന്ന് പിൻമാറുമോയെന്ന ഭയമായിരുന്നു നീതുവിന്.

ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിൽ ജോലിക്കാരിയാവുകയും ചെയ്തു നീതു. ഇതിനിടെ ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനവും തുടങ്ങി. ഇതിനിടെയാണ് 30 ലക്ഷത്തോളം രൂപയും സ്വർണവും ഉൾപ്പെട്ട സാമ്പത്തിക ഇടപാട് നടന്നത്. ഈ സമയത്ത് നീതു ഗർഭം അലസിപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട് ഒരു കുഞ്ഞിനെ തട്ടിയെടുത്ത് ഇബ്രാഹിമിനെ ബ്ലാക്ക്‌മെയിൽ ചെയ്യാനായിരുന്നു നീതുവിന്റെ നീക്കം. ഇതിനായാണ് മെഡിക്കൽ കോളേജിൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്തത്. സംഭവത്തിൽ ഇബ്രാഹിം ബാദുഷയും പോലീസ് കസ്റ്റഡിയിലുണ്ട്. കുട്ടിയെ മോഷ്ടിക്കാൻ മെഡിക്കൽ കോളേജിന് സമീപത്തെ ഹോട്ടലിൽ മുറിയെടുത്ത് ആസൂത്രണം നടത്തി. പല തവണ നീതു ഗൈനക്കോളജി വിഭാഗത്തിലെത്തിയതായും വിവരമുണ്ട്. കളമശ്ശേരി സ്വദേശിനിയായ നീതുവിനെ കോട്ടയം ആശുപത്രിക്ക് സമീപമുളള ഹോട്ടലിൽ നിന്നായിരുന്നു പിടികൂടിയത്.

Also Read-‘ഷെയിം ഓൺ യു വനിതാ മാഗസിൻ’; ദിലീപിന്റെ കുടുംബ വിശേഷവുമായി പുറത്തിറങ്ങുന്ന ‘സ്ത്രീകളുടെ വഴികാട്ടി’ മാഗസിന് എതിരെ സ്വര ഭാസ്‌കർ

കോട്ടയത്തെ സംഭവത്തിന് പിന്നിൽ കുട്ടിക്കടത്ത് റാക്കറ്റല്ലെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതി കുറ്റം ചെയ്തത് തനിയെ ആണെന്നും വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ പറഞ്ഞു. പ്രതിക്ക് കുട്ടി കടത്ത് റാക്കറ്റുമായി ബന്ധമില്ല. പ്രതിക്ക് കുഞ്ഞിന്റെ അമ്മയുമായോ കുടുംബവുമായോ ബന്ധമില്ലെന്നും പ്രതിക്കൊപ്പമുളള കുട്ടി അവരുടേത് തന്നെയാണെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version