നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന്റെ കൈവശമെന്ന് സംവിധായകന്റെ മൊഴി; അന്വേഷണം നടത്താൻ കോടതി നിർദേശം

കൊച്ചി: ക്വട്ടേഷൻ സംഘം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ പ്രതി നടൻ ദിലീപിനെതിരായ മൊഴിയിൽ അന്വേഷണം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് ഈ മാസം 20നു മുൻപ് മൊഴിയിൽ അന്വേഷണം നടത്താൻ വിചാരണക്കോടതി നിർദേശിച്ചത്.

വിചാരണ നിർത്തിവച്ച് തുടരന്വേഷണം നടത്തണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ പിന്നീട് തീരുമാനമെടുക്കും. കേസിലെ ഒന്നാം പ്രതി സുനിൽകുമാർ എന്ന പൾസർ സുനി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകർപ്പ് നടൻ ദിലീപിന് വിഐപി ആയ ഒരാൾ കൈമാറിയിട്ടുണ്ട് എന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.

എട്ടാം പ്രതിയായ ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിൽ അടുത്തബന്ധമുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസിന്റെ വിചാരണ ഘട്ടം പൂർത്തിയാക്കാനിരിക്കെ ബാലചന്ദ്രകുമാർ എന്തുകൊണ്ടാണ് ഇത്തരം വെളിപ്പെടുത്തലുകൾ നടത്തിയതെന്നു വ്യക്തമല്ല.

ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തി നിജസ്ഥിതി ബോധ്യപ്പെട്ടില്ലെങ്കിൽ അതു ക്രിമിനൽ നടപടിചട്ടങ്ങളുടെ ലംഘനമാകുമെന്നാണു പ്രോസിക്യൂഷൻ നിലപാട്.

നേരത്തെ, രണ്ടാമത്തെ സ്‌പെഷൽ പ്രോസിക്യൂട്ടറും രാജിവെച്ചിരുന്നു. സാക്ഷി വിസ്താരത്തിനിടയിൽ വിചാരണക്കോടതിയുടെ നിലപാടുകൾ പ്രോസിക്യൂഷനെ ദുർബലമാക്കുന്നു എന്ന ആരോപണം ഉന്നയിച്ചായിരുന്നു പ്രോസിക്യൂട്ടറുടെ രാജി. ഈ സന്ദർഭത്തിലാണു തുടരന്വേഷണ ഹർജിയും സമർപ്പിക്കപ്പെട്ടത്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ പുതിയ സ്‌പെഷൽ പ്രോസിക്യൂട്ടറെ സംസ്ഥാന അഭ്യന്തര വകുപ്പ് നിയമിച്ചിട്ടില്ല.

Exit mobile version