വീണ്ടും മൊട! തന്റെ പേരില്ലാത്തതിന് അന്ന് ശിലാഫലകം തല്ലി തകർത്ത വെള്ളനാട് ശശി ഇന്ന് പേര് വെച്ചതിന് ഫ്‌ലക്‌സും തകർത്തു!

വെള്ളനാട്: തന്റെ സമ്മതമില്ലാതെ ഫ്‌ലക്‌സിൽ ചിത്രവും പേരും വെച്ചത് ഇഷ്ടമായില്ല രണ്ടും വെട്ടി മാറ്റി ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി. പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്‌ലക്‌സ് ബോർഡിൽ നിന്നാണ് വെള്ളനാട് ശശി സ്വന്തം ചിത്രവും പേരും വെട്ടി മാറ്റിയത്.

തന്റെ അനുവാദം ഇല്ലാതെ പരിപാടിയുടെ നോട്ടിസിൽ പേരും വച്ചതും ഫ്‌ലക്‌സ് ബോർഡിൽ ചിത്രം വച്ചതും ശശിയെ ചൊടിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് അദ്ദേഹം ഫ്‌ലക്‌സിൽ നിന്നും ചിത്രം വെട്ടിയത്. പഞ്ചായത്ത് ഓഫീസിന് മുന്നിലും വെള്ളനാട് ജംക്ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടി മാറ്റിയത്. പരിപാടിയിൽ ശശി പങ്കെടുത്തതുമില്ല.

കിടങ്ങുമ്മൽ സബ് സെന്ററിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ഇതിന് മുമ്പ് വെള്ളനാട് ശശി വാർത്തകളിൽ നിറഞ്ഞത്. താനാണ് ഉദ്ഘാടനം നടത്തിയതെന്ന് കാണിച്ച് ശശി സ്ഥാപിച്ച ശിലാഫലകം മാറ്റി പഞ്ചായത്ത് വീണ്ടും ഉദ്ഘാടനം നടത്തി ശിലാഫലകം സ്ഥാപിച്ചിരുന്നു. ഇതോടെ പ്രകോപിതനായ ശശി ഈ ശിലാഫലകം തകർക്കുകയും പോലീസ് കേസെടുത്തതോടെ റിമാൻഡിലാവുകയും ചെയ്തിരുന്നു.

വെള്ളനാട് ശശിയുടെ പാർട്ടിയായ കോൺഗ്രസ് തന്നെയാണ് പഞ്ചായത്ത് ഭരണസമിതിക്ക് നേതൃത്വം നൽകുന്നതും. എന്നാൽ പ്രാദേശിക പ്രശ്‌നങ്ങളുടെ പേരിലാണ് ശശി ഇടഞ്ഞിരിക്കുന്നത്.

Also Read-കുടുംബവുമായി ഇടപെടുന്നത് വിലക്കിയിട്ടും കേട്ടില്ല; വീട്ടുകാർ അനീഷുമായി അടുത്തതിൽ വൈരാഗ്യം; കൊലപ്പെടുത്താനായി നെഞ്ചിലും മുതുകിലും കുത്തി

അതേസമയം പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തോടെയും കോൺഗ്രസ് മേൽഘടകത്തിന്റെയും അനുവാദത്തോടെയും ആണ് പരിപാടി സംഘടിപ്പിച്ചത് എന്നാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അറിയിക്കുന്നത്.

Exit mobile version