നാല് വയസുകാരനായ മകനെ വിട്ടുകിട്ടാൻ പോലീസ് സ്‌റ്റേഷന് മുന്നിൽ യുവതിയുടെ സമാനതകളില്ലാത്ത പ്രതിഷേധം; 15 മണിക്കൂറിന് ശേഷം അർധരാത്രിയിൽ നീതി

മാന്നാർ: ഭർതൃ വീട്ടുകാരോടൊപ്പമുള്ള മകനെ വിട്ടുകിട്ടാൻ നൽകിയ പരാതിക്ക് നീതി ലഭിക്കാത്തതിനെ തുടർന്ന് പോലീസ് സ്‌റ്റേഷന് മുന്നിൽ യുവതി പ്രതിഷേധിച്ചത് 15 മണിക്കൂറോളം. ഒടുവിൽ അർധരാത്രിയോടെ പ്രതിഷേധത്തെ കണക്കിലെടുത്ത പോലീസ് കുട്ടിയെ സ്റ്റേഷനിലെത്തിച്ച് അമ്മയ്ക്കു കൈമാറി.

ശനിയാഴ്ചയാണ് മാന്നാർ പോലീസ് സ്റ്റേഷനിൽ നാടകീയരംഗങ്ങൾ അരങ്ങേറിയത്. ബുധനൂർ തയ്യൂർ ആനന്ദഭവനത്തിൽ വാടകയ്ക്കു താമസിക്കുന്ന സ്‌നേഹ(26)യാണ് മകൻ നാലുവയസ്സുള്ള അശ്വിനെ വിട്ടുകിട്ടാനായി പോലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിച്ചത്.

ബുധനൂർ മനോജ് ഭവനത്തിൽ സുനിലുമായി 2014 -ൽ വിവാഹം ചെയ്ത സ്‌നേഹ ഭർതൃവീട്ടുകാരുടെ മോശംപെരുമാറ്റം മൂലമാണ് വാടക വീട്ടിലേക്ക് മാറിയത്. ഭർത്താവ് സുനിലും താനും വാടകയ്ക്കു താമസിച്ച് വരുന്നതിനിടെയാണ് ആദ്യകുഞ്ഞ് ഗർഭാവസ്ഥയിൽ മരിച്ചതെന്ന് സ്‌നേഹ പറയുന്നു.

പിന്നീട് രണ്ടാമത് പിറന്ന മകനായ അശ്വിന്റെ പേരിടീൽ ചടങ്ങിനുശേഷം ഭർത്താവ് സുനിൽ വിദേശത്തുപോയി. 2020 ജൂലായിൽ താൻ ക്വാറന്റീനിലായിരിക്കുമ്പോൾ കുഞ്ഞിനെ ഭർതൃവീട്ടുകാർ കൊണ്ടുപോവുകയും ചെയ്തു. കുഞ്ഞിനെ തിരികെനൽകാനോ കാണാനോ അനുവദിക്കാതെ മാറ്റിനിർത്തിയതായും യുവതി പറയുന്നു. 2020 സെപ്റ്റംബറിൽ മാന്നാർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടപടിയില്ലാതായതോടെ കഴിഞ്ഞദിവസം ചെങ്ങന്നൂർ ഡിവൈഎസ്പിക്ക് പരാതിനൽകി.

തുടർന്ന് ശനിയാഴ്ച രാവിലെ ഇരുകൂട്ടരെയും മാന്നാർ ഇൻസ്പെക്ടർ സ്റ്റേഷനിൽ വിളിപ്പിച്ചു. ഭർത്താവ് നാട്ടിലെത്തുമ്പോൾ ഒത്തുതീർപ്പാക്കാമെന്ന് അറിയിച്ച് പറഞ്ഞുവിടാൻ ശ്രമിച്ചതായും യുവതി പറയുന്നു. കൂടാതെ സ്റ്റേഷനിലുണ്ടായിരുന്ന മകനെ, വനിതാപോലീസ് അടക്കമുള്ളവർ ചേർന്ന് ബലംപ്രയോഗിച്ച് തന്റെയടുക്കൽനിന്നു നീക്കിയതായും സ്‌നേഹ ആരോപിക്കുന്നു. പോലീസ് ബലമായി സ്റ്റേഷന് പുറത്താക്കുകയും അസഭ്യംപറയുകയും ചെയ്തു.

പിന്നീടാണ് സ്‌നേഹ പ്രതിഷേധവുമായി സ്റ്റേഷന് മുന്നിൽ ഇരിപ്പുറപ്പിച്ചത്. ഇതോടെ രാത്രി പതിനൊന്നോടെ മാന്നാർ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ സ്‌നേഹയെയും കൂട്ടി ഭർതൃവീട്ടിലെത്തിയ പോലീസ് മകനെ സ്റ്റേഷനിലെത്തിച്ച് വ്യവസ്ഥകളോടെ യുവതിക്കു കൈമാറുകയായിരുന്നു.

പോലീസ് വാഹനത്തിൽ ഭർതൃവീട്ടിലേക്ക് പോകുന്നവഴിയും തനിക്കുനേരെ അസഭ്യവർഷമുണ്ടായതായും ജില്ലാ പോലീസ് മേധാവിക്ക് പരാതിനൽകുമെന്നും യുവതി പറഞ്ഞു.

അതേസമയം, കുഞ്ഞിനെ വിട്ടുകൊടുക്കരുതെന്ന് കുട്ടിയുടെ പിതാവ് സുനിൽ വിദേശത്തുനിന്ന് ഫോണിൽ വിളിച്ചറിയിച്ചിരുന്നതായി ഇൻസ്‌പെക്ടർ ജി സുരേഷ്‌കുമാർ പറഞ്ഞു. ഒരാഴ്ചത്തേക്കു വിട്ടുകൊടുക്കാൻ പറഞ്ഞതിനാലാണ് രാത്രിയോടെ കുട്ടിയെ വിട്ടുകൊടുത്തത്. യുവതിയുടെ അടുത്ത് മകൻ സുരക്ഷിതനല്ലെന്ന് സുനിൽ പറഞ്ഞതായാണ് പോലീസ് അറിയിക്കുന്നത്.

Exit mobile version