ആലപ്പുഴയില്‍ പോയത് ഗൂഢാലോചന നടത്താനല്ല, സംഘടനാ യാത്രയ്ക്കാണ്: ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് വത്സന്‍ തില്ലങ്കേരി

പാലക്കാട്: ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരി. എസ്ഡിപിഐയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് തില്ലങ്കേരി പറഞ്ഞു.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫിന്റെ ആരോപണം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും ആര്‍ക്കും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാവുന്നതേ ഉള്ളൂ എന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോടുള്ള വത്സന്‍ തില്ലങ്കേരിയുടെ പ്രതികരണം.

തന്നെപോലെയുള്ള ഹിന്ദു ഐക്യവേദി നേതാക്കളെയും സംഘപരിവാര്‍ പ്രവര്‍ത്തകരെയും ആരോപണം ഉന്നയിച്ച് കൊലപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് ഇതിനുമുന്‍പും നീക്കങ്ങള്‍ നടന്നതായും അത്തരത്തില്‍ ആസൂത്രിതമായ ആരോപണമാണിതെന്നും ആര്‍എസ്എസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു

കുറച്ച് ദിവസമായി എല്ലാ ജില്ലകളിലും ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള സംഘടനാ യാത്ര നടത്തുകയാണ്. സംഘടനയുടെ പരിപാടികളുടെ ഭാഗമായി പൊതുയോഗങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ആലപ്പുഴയില്‍ പോയത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ കൊലപാതകങ്ങളും അപലപനീയമാണ്. മനുഷ്യ ജീവന്റെ വില എല്ലാവരുടേയും ഒരുപോലെയാണ്. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവുമ്പോള്‍ അധികാരികള്‍ ഇടപെട്ടു ഇരുകക്ഷികളെയും വിളിച്ചുചേര്‍ത്തു സമാധാന ശ്രമങ്ങള്‍ നടത്താറുണ്ട്. അങ്ങനെ നടക്കുന്ന ഏത് സമാധാനശ്രമങ്ങള്‍ക്കും പങ്കാളിയാവാന്‍ തങ്ങള്‍ തയ്യാറാണെന്നും കെഎസ് ഷാനിന്റെ കൊലപാകത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പാലക്കാട് മാധ്യമ പ്രവര്‍ത്തകരോട് മറുപടി പറഞ്ഞു

ഷാനിന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നതായും തില്ലങ്കേരി പരസ്യമായി കലാപാഹ്വാനം നടത്തിയിരുന്നുവെന്നുമായിരുന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റിന്റെ ആരോപണം.

ആലപ്പുഴയില്‍ ബിജെപിയുടെ ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനും മണിക്കൂറുകളുടെ ഇടവേളയിലാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞദിവസം രാത്രിയാണ് എസ്ഡിപിഐയുടെ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡില്‍ കുപ്പേഴം ജംഗ്ഷനില്‍ വെച്ചായിരുന്നു ഷാനിന് വെട്ടേറ്റത്.

വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്ന ഷാന്റെ പിന്നില്‍ കാര്‍ ഇടിപ്പിക്കുകയും റോഡില്‍ വീണ ഇദ്ദേഹത്തെ കാറില്‍ നിന്നിറങ്ങിയ നാലോളം പേര്‍ വെട്ടുകയുമായിരുന്നു. സംഭവത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നായിരുന്നു എസ്.ഡി.പി.ഐയുടെ ആരോപണം.

ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് ഞായറാഴ്ച പുലര്‍ച്ചെയാണ് കൊല്ലപ്പെട്ടത്. പ്രഭാത സവാരിക്കിറങ്ങിയ രഞ്ജിത്തിനെ വീടിന് മുന്നിലിട്ട് ഒരു സംഘമാളുകള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആലപ്പുഴ നഗരത്തിന് സമീപം സക്കറിയ ബസാറിലെ വെള്ളക്കിണറിനടുത്തായിരുന്നു സംഭവം. വെട്ടേറ്റ രഞ്ജിത്തിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ബിജെപി ആരോപിച്ചു.

Exit mobile version