കൊച്ചി മെട്രോ സ്റ്റേഷനില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍: പിന്നില്‍ ഗൂഡലക്ഷ്യങ്ങളെന്ന് വത്സന്‍ തില്ലങ്കേരി

കൊച്ചി: കൊച്ചി മെട്രോയുടെ വടക്കേക്കോട്ട സ്റ്റേഷനില്‍ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിശ്വ ഹിന്ദു പരിഷത്ത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരില്‍ നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും ചിത്രങ്ങള്‍ സ്ഥാപിച്ചതിന് പിന്നില്‍ ഗൂഡലക്ഷ്യങ്ങള്‍ ഉണ്ടെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്് വത്സന്‍ തില്ലങ്കേരി ആരോപിച്ചു.

ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉചിതമായ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. മെട്രോ സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വത്സന്‍ തില്ലങ്കേരി.

കൊച്ചിയില്‍ മെട്രോ സ്റ്റേഷനില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രങ്ങള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ബിജെപിയും ഹിന്ദു ഐക്യ വേദിയും നേരത്തെയും രംഗത്തെത്തിയിരുന്നു. ചിത്രങ്ങള്‍ നീക്കാന്‍ ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് വാരിന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രം സ്ഥാപിച്ചിട്ടുള്ളത്. വാരിന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയടക്കമുള്ള മലബാര്‍ കലാപത്തിലെ പഴയകാല നേതാക്കളുടെ ചിത്രത്തിനൊപ്പം മലബാര്‍ കലാപത്തെക്കുറിച്ചുള്ള ചെറു വിവരണവും വടക്കേക്കോട്ട സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനെതിരെയാണ് ബിജെപി, ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

സ്റ്റേഷനകത്ത് കയറി ചിത്രത്തിനു മുകളില്‍ പോസ്റ്റര്‍ പതിക്കാന്‍ ശ്രമിച്ച രണ്ട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അരുണ്‍,കെ.എസ് ഉണ്ണി എന്നിവരെ കൊച്ചി മെട്രോ സ്റ്റേഷന്‍ പോലീസാണ് കസ്റ്റഡിയിലെടുത്തത്.

Exit mobile version