ഭക്ഷണപൊതിയില്‍ പണവും കരുതി വച്ച് സ്‌നേഹം വിളമ്പിയ അമ്മമനസ്സ്; ഒരു വാക്കിലൂടെ ആശ്വാസം പകരാന്‍ ശ്രമിച്ചെന്ന് രാജിഷ

കോഴിക്കോട്: ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് മെഡി. കോളേജ് ആശുപത്രിയില്‍ ‘ഹൃദയപൂര്‍വ്വം’ ഭക്ഷണപൊതിയില്‍ പണവും കരുതി വച്ച സന്മനസ്സുനിറഞ്ഞ അജ്ഞാതയെ കണ്ടെത്തി. ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് കൃഷ്ണോദയയില്‍ രാജിഷയാണ് ഇതുവരെ കാണാത്തൊരാള്‍ക്കായി ഭക്ഷണത്തോടൊപ്പം പണവും ചേര്‍ത്ത് സ്നേഹം വിളമ്പിയത്.

ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് കൃഷ്ണോദയയില്‍ രാജിഷയാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മെഡി. കോളേജില്‍ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിക്കൊപ്പം മകളുടെ പിറന്നാള്‍ സമ്മാനമായി ചെറിയൊരു തുകയും ചേര്‍ത്തുവെച്ചത്.

ഓര്‍ക്കാട്ടേരി മേഖലയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് വെള്ളിയാഴ്ച മെഡി. കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പൊതിച്ചോര്‍ ശേഖരിച്ചത്. 3216 പൊതിച്ചോറുകള്‍ ആശുപത്രിയിലുള്ളവര്‍ക്ക് നല്‍കി മടങ്ങുമ്പോഴാണ് ഒരു യുവാവ് കയ്യിലൊരു കുറിപ്പും ഇരുനൂറ് രൂപയുടെ നോട്ടുമായി സമീപിച്ചത്.

Read Also:21 കാരനായ അമലിന് പിതാവിന്റെ സര്‍പ്രൈസ് സമ്മാനം ‘ഗുരുവായൂരപ്പന്റെ ഥാര്‍’: 21 ലക്ഷത്തിന് മുകളിലും ലേലം ഉറപ്പിക്കാമായിരുന്നു

”അറിയപ്പെടാത്ത സഹോദരാ/സഹോദരീ, ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ/ബന്ധുവിന്റെയോ അസുഖം പെട്ടെന്ന് ഭേദമാകാന്‍ ഞങ്ങള്‍ പ്രാര്‍ഥിക്കാം. നിങ്ങളുടെ പ്രാര്‍ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ.. ഈ തുകകൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്” – എന്നായിരുന്നു കുറിപ്പില്‍.

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഈ കത്തിന്റെ ചിത്രം പങ്കുവെച്ചതോടെ കുറിപ്പ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പിന്നീട് ഭക്ഷണപൊതിയില്‍ പണവും ഹൃദയസ്പര്‍ശിയായ കുറിപ്പും വെച്ച ആളെ അന്വേഷിക്കുകയായിരുന്നു സൈബര്‍ ലോകം.

ആ തിരച്ചിലിലാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഹൃദ്യയെയും അമ്മ രാജിഷയും കണ്ടെത്തിയത്. പൊതിച്ചോറ് ആര്‍ക്കാണ് ലഭിക്കുക എന്ന് അറിയില്ലെങ്കിലും നല്ലൊരു വാക്കിലൂടെ ആശ്വാസം പകരാനാവുമെങ്കില്‍ അത് ചെയ്യണമെന്നായിരുന്നു ആഗ്രഹമെന്നും ആരെങ്കിലും തിരിച്ചറിയുമെന്ന് കരുതിയില്ലെന്നും രാജിഷ പറയുന്നു. അങ്ങനെയാണ് മകളുടെ പിറന്നാള്‍ ദിവസം ‘ഹൃദയപൂര്‍വ്വം’ തയ്യാറാക്കിയ മൂന്ന് ഭക്ഷണ പൊതിയിലൊന്നില്‍ 200 രൂപയും കുറുപ്പും രാജിഷ ചേര്‍ത്തുവെച്ചത്.

മകന്‍ ഹൃത്ഥ്വിക് നിര്‍ബന്ധിച്ചാണ് കുറിപ്പില്‍ മകളുടെ പിറന്നാളാണെന്ന് എഴുതിയത്. അടുത്തുള്ള സ്വകാര്യ സ്‌കൂളില്‍ ഐടി അധ്യാപികയായിരുന്ന രാജിഷയ്ക്ക് കോവിഡ് കാലത്ത് ജോലിയില്ലാതായി. ഒന്നരമാസം മുമ്പ് ഏറാമല കൃഷി ഓഫീസില്‍ ഡാറ്റ എന്‍ട്രി ജീവനക്കാരിയായി താല്‍ക്കാലിക ജോലി കിട്ടി. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് രാമകൃഷ്ണനും കോവിഡ് വ്യാപനത്തിനിടെ ജോലി നഷ്ടമായി നാട്ടിലെത്തി. കഴിഞ്ഞ മാസം വീണ്ടും ജോലി തേടി വിദേശത്തേയ്ക്ക് മടങ്ങിയിരിക്കയാണ്.

രാജിഷയുടെ നല്ല മനസിന് അനുമോദനവുമായി നിരവധിയാളുകളുടെ വിളിയെത്തി. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ എസ് കെ സജീഷടക്കമുള്ള നേതാക്കളും വീട്ടിലെത്തി അഭിനന്ദിച്ചു.

‘ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ മനസുള്ള പേര് അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രിയ മകള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍’ എന്നായിരുന്നു സംഭവത്തെക്കുറിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജിന്റെ പ്രതികരണം.

Exit mobile version