21 കാരനായ അമലിന് പിതാവിന്റെ സര്‍പ്രൈസ് സമ്മാനം ‘ഗുരുവായൂരപ്പന്റെ ഥാര്‍’: 21 ലക്ഷത്തിന് മുകളിലും ലേലം ഉറപ്പിക്കാമായിരുന്നു

തൃശൂര്‍: മകന്‍ അമലിന് വേണ്ടി പിതാവ് കരുതിവച്ച സര്‍പ്രൈസ് സമ്മാനമാണ് ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച ആ ഥാര്‍. എറണാകുളം സ്വദേശിയായ 21 കാരന്‍ അമല്‍ മുഹമ്മദാണ് ആ ഭാഗ്യവാന്‍.

അമല്‍ മുഹമ്മദിന്റെ പേരിലാണ് ഥാറിന്റെ ലേലം ഉറപ്പിച്ചത്. അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് സുഹൃത്ത് സുഭാഷ് പറയുന്നു.

സുഭാഷാണ് ലേലത്തിനായി എത്തിയിരുന്നത്. എന്തുവില കൊടുത്തും ഥാര്‍ സ്വന്തമാക്കണമെന്നായിരുന്നു നിര്‍ദേശമെന്ന് സുഭാഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ബഹറിനിലാണ് അമല്‍ മുഹമ്മദുള്ളത്. ഥാര്‍ വാങ്ങാന്‍ നേരിട്ട് അമല്‍ എത്തുമെന്നാണ് വിവരം. 15,10,000 രൂപയ്ക്കാണ് ഥാര്‍ ലേലം ഉറപ്പിച്ചത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി ലേലത്തില്‍ നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തതെന്ന് ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

അതേസമയം, ലേലത്തില്‍ വാഹനം സ്വന്തമാക്കിയ അമല്‍ മുഹമ്മദിന് വാഹനം വിട്ടുകൊടുക്കുന്നതില്‍ പുനരാലോചന വേണമെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു.
25 ലക്ഷം വരെ ലഭിക്കാന്‍ സാധ്യതയുണ്ടായിട്ടും 15 ലക്ഷത്തിന് മാത്രം ലേലമുറപ്പിച്ചത് ചര്‍ച്ചയാകും. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനം വേണ്ടി വന്നേക്കുമെന്ന് തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നടപടിക്രമങ്ങളുടെ ഭാഗമായി ഭരണസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

അതേസമയം, ലേലം ഉറപ്പിച്ച ശേഷം വാക്ക് മാറ്റുന്നത് ശരിയല്ലെന്ന് അമല്‍ മുഹമ്മദിന്റെ പ്രതിനിധി സുഭാഷ് പ്രതികരിച്ചു. ലേലം കഴിഞ്ഞാല്‍ വാഹനം ലഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെന്ന് സുഭാഷ് പറഞ്ഞു. വാഹനം ലഭിക്കുന്നതിനായി നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്തുവില കൊടുത്തും ഥാര്‍ സ്വന്തമാക്കണമെന്നായിരുന്നു നിര്‍ദേശമെന്ന് സുഭാഷ് പറഞ്ഞു. 21 കാരനായ അമലിന് സമ്മാനം കൊടുക്കാനുള്ളതായതിനാല്‍ 21 ലക്ഷം വരെയോ അതിന് മുകളിലോ ലേലത്തുക ഉറപ്പിക്കാമെന്നായിരുന്നു നിര്‍ദേശമെന്നും സുഭാഷ് പറഞ്ഞിരുന്നു.

ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂജനറേഷന്‍ എസ്‌യുവി ഥാര്‍ സമര്‍പ്പിച്ചത്. റെഡ് കളര്‍ ഡീസല്‍ ഓപ്ഷന്‍ ലിമിറ്റഡ് എഡിഷനാണ് സമര്‍പ്പിക്കപ്പെട്ടത്. വിപണിയില്‍ 13 മുതല്‍ 18 ലക്ഷം വരെ വിലയുള്ളതാണ് വാഹനം.

2020 ഒക്ടോബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ഥാര്‍ എസ്‌യുവി വിപണിയില്‍ അവതരിപ്പിച്ചത്. പുറത്തിറക്കി ഒരു വര്‍ഷത്തിനിടയില്‍ തന്നെ വാഹനം വിപണിയില്‍ വിജയ കുതിപ്പുണ്ടാക്കിയിരുന്നു.

നിരത്തിലെത്തിയതിന് ശേഷം വാഹനത്തിന് 19ലധികം അവാര്‍ഡുകള്‍ ലഭിച്ചു. കൂടാതെ ഗ്ലോബല്‍ എന്‍ക്യാപ് നടത്തുന്ന ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങും വാഹനം കരസ്ഥമാക്കിയിട്ടുണ്ട്.

2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എഞ്ചിനുകളാണ് ഥാറില്‍ പ്രവര്‍ത്തിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 150 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കും, ഡീസല്‍ എഞ്ചിന്‍ 130 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും.

മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം എല്‍എക്സ് വേരിയന്റില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കിയിട്ടുണ്ട്.

Exit mobile version