‘മകളുടെ പിറന്നാളാണിന്ന്, പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക’; ഡിവൈഎഫ്‌ഐ മെഡിക്കൽ കോളേജിൽ എത്തിച്ച പൊതിച്ചോറിനൊപ്പം പണവും; സുമനസിനെ തേടി സോഷ്യൽമീഡിയ

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്‌ഐ എത്തിക്കുന്ന ‘ഹൃദയപൂർവ്വം’ ഭക്ഷണപൊതിയിൽ പണവും സ്‌നേഹം ചാലിച്ച കുറിപ്പും കണ്ടെത്തിയത് ഹൃദയസ്പർശിയാകുന്നു. ഈ സുമനസിനെ തേടുകയാണ് സോഷ്യൽമീഡിയ.

കഴിഞ്ഞദിവസം ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത ഭക്ഷണ പൊതിക്കുള്ളിലാണ് 200 രൂപ നോട്ടിനൊപ്പം ഒരു കുറിപ്പും കണ്ടെത്തിയത്. പൊതിച്ചോർ ലഭിച്ച യുവാവ് കത്തും തുകയും ലഭിച്ച വിവരം ഡിവൈഎഫ്‌ഐ പ്രവർത്തകരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ”അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാൻ ഞങ്ങൾ പ്രാർത്ഥിക്കും. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ. ഈ തുക കൊണ്ട് നിങ്ങൾക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാൾ ആണ്.” എന്നാൽ ഇത് ആരാണ് നൽകിയതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

Also Read-തിക്കോടിയില്‍ യുവതിയെ തീകൊളുത്തി കൊന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവും മരിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ഹൃദയപൂർവ്വം’ പരിപാടിയുടെ ഭാഗമായി ഇന്ന് ഓർക്കാട്ടേരി മേഖലാ കമ്മിറ്റി പൊതിച്ചോർ വിതരണം ചെയ്തു. തിരിച്ചു വരാൻ നേരം. ഞങ്ങളുടെ അടുത്ത് നിന്നും പൊതിച്ചോർ വാങ്ങിയ ഒരു യുവാവ് അദ്ദേഹത്തിന് കിട്ടിയ പൊതിച്ചോറിനോടൊപ്പം ലഭിച്ച കത്തും പൈസയും ഞങ്ങൾക്ക് കാണിച്ചു തന്നു. ആരെയും അറിയിക്കാതെ മറ്റുള്ളവരെ സഹായിക്കാൻ മനസുള്ള പേര് അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ പ്രിയ മകൾക്ക് ഒരായിരം പിറന്നാൾ ആശംസകൾ.-സംഭവത്തെക്കുറിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് പ്രതികരിച്ചു.

Exit mobile version