പ്രിയതമയുടെ പിറന്നാള്‍ സമ്മാനം നെഞ്ചോടു ചേര്‍ത്ത് സന്ദീപ്: പ്രിയ സഖാവിന് കണ്ണീരോടെ വിട

തിരുവല്ല: പ്രിയതമ കരുതിവച്ച പിറന്നാള്‍ സമ്മാനം നെഞ്ചിലേറ്റി പിബി സന്ദീപിന് നിറകണ്ണുകളോടെ വിട. തിരുവല്ലയില്‍ കുത്തേറ്റ് കൊല്ലപ്പെട്ട സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പിബി സന്ദീപിന്റെ മൃതദേഹം സംസ്‌കരിച്ചു.

ജന്മദിനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് സന്ദീപ് കുമാര്‍ ആര്‍എസ്എസിന്റെ കൊലക്കത്തിക്ക് ഇരയായത്. ഡിസംബര്‍ നാലിന് ജന്മദിനം ആഘോഷിക്കാന്‍ കുടുംബം തയ്യാറെടുത്ത് കൊണ്ടിരിക്കെയായിരുന്നു ആര്‍എസ്എസിന്റെ രാഷ്ട്രീയ പക പോക്കലില്‍ സന്ദീപിന്റെ ജീവന്‍ നഷ്ടമായത്.

സന്ദീപിന് പിറന്നാള്‍ സമ്മാനമായി ചുവന്ന നിറത്തിലൊരു ഷര്‍ട്ടും ഭാര്യ സുനിത വാങ്ങി വച്ചിരുന്നു. ഇന്ന് മൃതദേഹം വീട്ടിലെത്തിച്ചപ്പോള്‍ ആ ഷര്‍ട്ട് സന്ദീപിന്റെ ശരീരത്തിന് മുകളില്‍ ഹൃദയം നുറുങ്ങുന്ന വേദനയോടെ സുനിത വച്ചപ്പോള്‍ സാക്ഷിയായിരുന്നവരുടെ കണ്ണുകളും നിറഞ്ഞു.

പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്നും തുടങ്ങിയ വിലാപയാത്രയില്‍ പലയിടങ്ങളിലായി ആയിരക്കണക്കിന് ആളുകളാണ് പങ്കെടുത്തത്. സിപിഎം തിരുവല്ല ഏരിയാ കമ്മിറ്റി ഓഫീസ്, പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കല്‍ കമ്മിറ്റി ഓഫീസ് എന്നിവിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.

അഞ്ചരയോടെ ചാത്തങ്കേരിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, വിഎന്‍ വാസവന്‍, സജി ചെറിയാന്‍, വീണ ജോര്‍ജ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തി. നാട്ടുകാരുടെയും പാര്‍ട്ടിക്കാരുടെയും പ്രിയപ്പെട്ടവനായിരുന്ന പ്രിയ സഖാവിനെ കണ്ണീരോടെയാണ് നാട് യാത്ര അയച്ചത്.

അതേസമയം, സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവന്‍ പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിഷ്ഠൂരമായ കൊലയ്ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സന്ദീപിനെ കുത്തിക്കൊന്ന ശേഷം ഒളിവില്‍ പോയ പ്രധാന പ്രതി ജിഷ്ണു രഘു, നന്ദു പ്രമോദ് എന്നിവരെ പുലര്‍ച്ചെ കരുവാറ്റയില്‍ നിന്നും കണ്ണൂര്‍ സ്വദേശിയായ മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂരിലുള്ള വാടക മുറിയില്‍ നിന്നും അഞ്ചാം പ്രതി അഭിയെ എടത്വയില്‍ നിന്നുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ അടക്കം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മുഖ്യപ്രതി ജിഷ്ണു രഘുവിന് സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നവെന്നും ഇത് തീര്‍ക്കാന്‍ വേണ്ടിയാണ് സുഹൃത്തുക്കളെ കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം നടപ്പിലാക്കി എന്നുമാണ് പോലീസ് ഭാഷ്യം.

Exit mobile version