നടൻ വിജയ്‌യെ കാണാൻ ആഗ്രഹിച്ച് നടന്നു, എത്തിപ്പെട്ടത് കൊച്ചിയിലെ അഗതി മന്ദിരത്തിൽ; ഒടുവിൽ ‘ദളപതിയുടെ’ തുണയിൽ ബന്ധുക്കളെ തിരിച്ചുപിടിച്ച് രാംരാജ്

കൊച്ചി: നടൻ വിജയ്‌യെ ജീവനക്കാളേറെ സ്‌നേഹിച്ച് അദ്ദേഹത്തെ കാണുന്നത് മാത്രം സ്വപ്‌നം കണ്ടുറങ്ങിയിരുന്ന രാംരാജിന് ഒടുവിൽ താരത്തോടുള്ള സ്‌നേഹം കാരണം തിരിച്ചുകിട്ടിയത് സ്വന്തം കുടുംബത്തേയാണ്. തമിഴ് സിനിമയെ വെല്ലുന്നതാണ് പള്ളുരുത്തി കൊത്തലംഗോ അഗതിമന്ദിരത്തിലെ ഭിന്നശേഷിക്കാരനായ രാംരാജിന്റെ ജീവിതകഥ.

അഗതി മന്ദിരത്തിലെ അന്തേവാസികളുടെ കഴിവുകൾ പുറംലോകത്തെ അറിയിക്കുന്നതിനായി ബ്രദർ ബിനോയ് പീറ്ററിന്റെ നേതൃത്വത്തിൽ തുടങ്ങിയ യൂട്യൂബ് ചാനൽ രാംരാജിന് സ്വന്തം കുടുംബത്തെ തിരികെ നൽകുകയായിരുന്നു. വിജയ്‌യെ നേരിൽ കാണണമെന്ന് രാംരാജ് ആഗ്രഹം പ്രകടിപ്പിക്കുന്ന വീഡിയോ യൂട്യൂബ് ചാനൽവഴി കണ്ട ഒരുപാട് പേർ ഇത് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചു.

വിജയ് ഫാൻസ് അസോസിയേഷനും ഈ വീഡിയോ അവരുടെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചതോടെയാണ് കാര്യങ്ങളെല്ലാം ശുഭപര്യവസായിയിലേക്ക് നീങ്ങിയത്. തമിഴ്‌നാട്ടിലുടനീളം ഈ വീഡിയോ പ്രചരിച്ചു. ചിദംബരം സ്വദേശിയായ രാംരാജിന്റെ സഹോദരന്മാരും അപ്രതീക്ഷിതമായി ഈ വീഡിയോ കണ്ടു. വർഷങ്ങൾക്കു മുമ്പ് നാടുവിട്ട സഹോദരനാണ് വീഡിയോയിലെന്ന് അവർ തിരിച്ചറിഞ്ഞു.

also read- ‘പോടാ പുല്ലേ’, എല്ലാവരേയും വെല്ലുവിളിച്ച് സസ്‌പെൻഷനിലായ പോലീസുകാരൻ; യുവാവിനെ മർദ്ദിച്ച പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകിയ എസ്‌ഐയുടെ സ്റ്റാറ്റസ് വിവാദത്തിൽ

വീടുവിട്ടിറങ്ങി പോയ സഹോദരനെ കുറെക്കാലം അവർ അന്വേഷിച്ചിരുന്നെങ്കിലും ഒരുവിവരവും ലഭിച്ചിരുന്നില്ല. വീഡിയോ കണ്ടയുടൻ അവർ കൊച്ചിയിലെ കൊത്തലംഗോയുമായി ബന്ധപ്പെട്ടു. ബ്രദർ ബിനോയ് പീറ്ററുമായി സംസാരിച്ച ഇവർ വീഡിയോകോളിലൂടെ രാംരാജിനും അമ്മയ്ക്കും പരസ്പരം സംസാരിക്കാനുള്ള അവസരവുമുണ്ടാക്കി.

പിന്നെ ഒട്ടും വൈകാതെ അനിയനെ തേടി രാംരാജിന്റെ മൂന്ന് സഹോദരന്മാരും പള്ളുരുത്തിയിലെത്തി. സഹോദരന്മാരെ തിരിച്ചറിഞ്ഞ രാംരാജ് അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎ ശ്രീജിത്തിന്റെ സാന്നിധ്യത്തിൽ രാംരാജിനെ സഹോദരന്മാർ ഏറ്റെടുത്തു. കൊത്തലംഗോയിൽ യാത്രയയപ്പും നൽകി. ഞായറാഴ്ച രാത്രിയോടെയാണ് ഇവർ ചിദംബരത്തേക്ക് തിരിച്ചത്. യാത്രയാക്കാൻ ബ്രദർ ബിനോയ് പീറ്ററും ഇവർക്കൊപ്പം പോയിട്ടുണ്ട്.

Exit mobile version