മനിതിയുടെ പദ്ധതി പൊളിച്ചത് പോലീസ്, ആചാരം ലംഘിച്ചാല്‍ അടച്ചിടാന്‍ തന്ത്രിയുടെ വീടല്ല ശബരിമല; മല കയറാന്‍ ഉറച്ച് അമ്മിണി

ശബരിമലയില്‍ പോലീസ് നാടകം കളിച്ച് സ്ത്രീകളെ അപമാനിക്കുകയാണ് ഉണ്ടായതെന്നും നവോത്ഥാനത്തിനൊപ്പം നില്‍ക്കുന്ന സര്‍ക്കാരിനിത് അപമാനകരമാണെന്നും അമ്മിണി പറഞ്ഞു

പത്തനംതിട്ട: അയ്യപ്പ ദര്‍ശനത്തിനായി ശബരിമലയിലെത്തിയ മനിതിയുടെ പദ്ധതി പൊളിച്ചത് പോലീസാണെന്ന ആരോപണവുമായി വയനാട്ടില്‍ നിന്നുള്ള ആദിവാസി നേതാവ് അമ്മിണി. കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനായി എത്തിയ അമ്മിണിയെ പോലീസ് ഇടപെട്ട് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പോലീസിനും സര്‍ക്കാറിനും എതിരെ ആരോപണങ്ങളുമായി അമ്മിണി രംഗത്ത് എത്തിയിരിക്കുന്നത്.

ശബരിമലയില്‍ പോലീസ് നാടകം കളിച്ച് സ്ത്രീകളെ അപമാനിക്കുകയാണ് ഉണ്ടായതെന്നും നവോത്ഥാനത്തിനൊപ്പം നില്‍ക്കുന്ന സര്‍ക്കാരിനിത് അപമാനകരമാണെന്നും അമ്മിണി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള സ്ത്രീകളെ മനീതിക്കൊപ്പം ചേരാന്‍ പോലീസ് സമ്മതിച്ചില്ലെന്നും പോലീസ് സംഘപരിവാറിനൊപ്പം ചേരുകയാണ് ചെയ്തതെന്നും അമ്മിണി ആരോപിച്ചു.

കടകംപള്ളിയ്ക്കും ശ്രീധരന്‍ പിള്ളയ്ക്കും തീറെഴുതിയതല്ല ശബരിമലയെന്നും ശരണം വിളി ബിജെപി മുദ്രാവാക്യമാക്കി. ആചാര ലംഘനം നടന്നാല്‍ അടച്ചിടാന്‍ തന്ത്രിയുടെ വീടല്ല ശബരിമല എന്നും അമ്മിണി പറഞ്ഞു. അയ്യപ്പന്‍ മലയരന്‍ കൂട്ടത്തിന്റെ ശാസ്താവാണ്. ദൈവത്തെ കട്ടെടുത്തതാണ് ബോര്‍ഡ്. കോടതി വിധി നടപ്പാക്കാന്‍ കഴിയാത്ത സര്‍ക്കാരിന്റെ വനിതാ മതിലില്‍ അര്‍ത്ഥമില്ല. എന്തിനാണിങ്ങനെ മതില്‍. ശബരിമലയിലാണ് വനിതാ മതില്‍ വേണ്ടിയിരുന്നതെന്നും അമ്മിണി വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ തന്നെ വീണ്ടം ശബരിമലയിലേക്ക് പോകുമെന്നും ഇനിയും പോലീസിന് വീഴ്ച സംഭവിച്ചാല്‍ പ്രക്ഷോഭം നടത്തുമെന്നും അമ്മിണി പറഞ്ഞു.

Exit mobile version