സ്‌കൂളില്‍ മോഷണം: ഡെസ്‌കില്‍ കിടന്നുറങ്ങി, രാവിലെ കുളിച്ച് മേശ വലിപ്പില്‍ സൂക്ഷിച്ച 90,930 രൂപയും കവര്‍ന്നു

മഞ്ചേരി: മഞ്ചേരി ഗവ.ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോഷണം, മോഷ്ടാവ് 90,930 രൂപ കവര്‍ന്നു. പ്രിന്‍സിപ്പല്‍ ഓഫിസിന്റെ മേശ വലിപ്പില്‍ സൂക്ഷിച്ച 90,930 രൂപയാണ് നഷ്ടപ്പെട്ടത്.

മോഷ്ടാവ് വരാന്തയിലെ ഡെസ്‌കില്‍ ഉറങ്ങി, രാവിലെ കുളിച്ച് സ്ഥലംവിട്ടതായാണ് സൂചന. പ്ലസ് ടു വിദ്യാര്‍ഥികളുടെ സ്‌പെഷല്‍ ഫീ ഇനത്തില്‍ ശേഖരിച്ച പണമാണ് നഷ്ടപ്പെട്ടത്. ട്രഷറി അടച്ചതിനാല്‍, ക്ലാസുകളില്‍ നിന്ന് അധ്യാപകര്‍ ശേഖരിച്ച ഫീസ് ഓഫിസില്‍ സൂക്ഷിച്ചതാണ്.

രാവിലെ സ്‌കൂള്‍ തുറക്കാനെത്തിയ താല്‍ക്കാലിക ജീവനക്കാരിയാണ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടത്. പൂട്ട് പൊളിക്കാനുപയോഗിച്ച കമ്പിപ്പാര സമീപത്തുനിന്ന് കണ്ടെത്തി. പ്രിന്‍സിപ്പലിന്റെ കസേരയിലെ തുണി മുറിച്ചും ഡെസ്‌ക് വലിച്ചിട്ടും ഉപയോഗിച്ച നിലയിലായിരുന്നു.

ശുചിമുറിയിലെ സോപ്പ്, പൈപ്പ് വെള്ളം എന്നിവ ഉപയോഗിച്ചതായി സൂചനയുണ്ട്. പോലീസ് സ്റ്റേഷന്റെ 400 മീറ്റര്‍ അകലെയാണ് സ്‌കൂള്‍. പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പോലീസ്, ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ പരിശോധിച്ചു.

Exit mobile version